മൂന്നാഴ്ച, മൂന്ന് മാല പൊട്ടിക്കൽ; മൂന്ന് കള്ളൻമാരെയും പിടിച്ച് പയ്യന്നൂർ സ്ക്വാഡ്
text_fieldsരാജേന്ദ്രൻ
പയ്യന്നൂർ: അതിവർഷം പെയ്തിറങ്ങിയ ജൂൺ മാസം ചാകരയാക്കാനിറങ്ങിയ മൂന്ന് കള്ളന്മാരെ പിടിച്ച പയ്യന്നൂർ പൊലീസിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്. പട്ടാപ്പകൽ മൂന്നു വീട്ടമ്മമാർക്കാണ് മാല നഷ്ടപ്പെട്ടത്. ഈ മൂന്നു കേസുകളിലെയും പ്രതികളെ പിടികൂടി.
ആദ്യ രണ്ട് സംഭവത്തിലും പിടിക്കാൻ രണ്ടാഴ്ചയെടുത്തുവെങ്കിൽ വ്യാഴാഴ്ച അന്നൂരിൽ കഴുത്തിന് കത്തിവെച്ച് രണ്ടേകാൽ പവൻ കവർന്ന പ്രതിയെ പിടിച്ചത് മണിക്കൂറുകൾക്കകം. ഈ മാസം ആറിന് രാവിലെ പതിനൊന്നരയോടെ കോളോത്ത് താമസിക്കുന്ന മായി ഹൗസിൽ കാർത്ത്യായനിയുടെ (70) കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടത്.
ഈ കേസിൽ കാസർകോട് ചെന്നടുക്കത്തെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ ചാലക്കര ഹൗസിൽ ഇബ്രാഹിം ഖലീലിനെ (43) കഴിഞ്ഞയാഴ്ചയാണ് പൊലീസ് പിടികൂടിയിത്. എടാട്ട് പി.ഇ.എസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലുടെ നടന്നു പോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ട കേസിലെ പ്രതിയും പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസം.
പാലക്കാട് മണ്ണാർകാട് കൊട്ടോപ്പാടത്തെ പി.ജെ. സണ്ണിയെയാണ് (58) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ എസ്.ഐ പി.യദു കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ പ്രമോദ്, അബ്ദുൾ ജബ്ബാർ, നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങു ന്ന സംഘമാണ് സണ്ണിയെ അറസ്റ്റ് ചെയ്തത്.
പയ്യന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ കഴുത്തിന് കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച് രണ്ടേകാൽ പവന്റെ മാല കവർന്ന സംഭവത്തിൽ കവർച്ച നടന്ന ദിവസം തന്നെ പ്രതിയെ പിടിക്കാനായത് പയ്യന്നൂർ പൊലീസിന് നല്ല കൈയടിയാണ് നേടിക്കൊടുത്തത്.
വീട്ടമ്മ സാവിത്രി (66)യുടെ മൊഴിയെടുത്ത പൊലീസ് പറമ്പിൽ പണിക്കു വന്നവരെ ബന്ധപ്പെട്ട് പ്രതിയിലേക്കെത്തുകയായിരുന്നു. വ്യാഴാഴ്ച പിടിയിലായ പ്രതി കരിവെള്ളൂർ കൂക്കാനത്തെ രാജേന്ദ്രനെ ചൊദ്യം ചെയ്തതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ നിന്നും മാല കണ്ടെടുത്തു. ഈ പ്രതിയും ഇപ്പോൾ സബ് ജയിലിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.