ഇന്ന് ക്ഷയരോഗ ദിനം; ചരിത്രമായി പരിയാരം ടി.ബി സാനറ്റോറിയം
text_fieldsപരിയാരത്ത് പൊളിച്ചു നീക്കിയ സാനറ്റോറിയം ക്യാമ്പ് ഓഫിസ് (ഫയൽ )
പയ്യന്നൂർ: സ്വതന്ത്ര ഭാരതത്തിലെ സുപ്രധാന നിർമിതികളിൽ ഒന്നായ പരിയാരം ടി.ബി സാനറ്റോറിയം ഓർമയുടെ ചരിത്ര സാക്ഷ്യം. ഏതാനും കെട്ടിടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഇവ മിക്കതും കാടുകയറിയ നിലയിലാണ്. ചില കെട്ടിടങ്ങൾ മാത്രമാണ് അറ്റകുറ്റപ്പണി നടത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഉപയോഗിക്കുന്നത്. സാനറ്റോറിയത്തിന്റെ നിർമിതിക്കുവേണ്ടി പണിത ക്യാമ്പ് ഓഫിസ് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായാണ് പൊളിച്ചു നീക്കിയത്.
പരിയാരത്തെ ഏറെ പ്രശസ്തമായ ടി.ബി സാനറ്റോറിയത്തിന്റെ നിര്‍മാണ മേല്‍നോട്ടത്തിനായി ആദ്യം നിര്‍മിച്ച ക്യാമ്പ് ഓഫിസാണ് പാത വികസനത്തിനായി പൊളിച്ചുനീക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് താമസിക്കാനായി ആദ്യം പണിത കെട്ടിടമാണിത്. സാനറ്റോറിയം രൂപകൽപന ചെയ്ത എൻജിനീയർ പാലക്കാട് സ്വദേശി അപ്പാട്ട് വീട്ടിൽ നാരായണ മേനോന് ഇവിടെ താമസിച്ചാണ് സാനറ്റോറിത്തിന്റെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
നിരവധി ന്യൂക്ലിയര്‍ ബില്‍ഡിങ്ങുകളാണ് 350 ഏക്കര്‍ വരുന്ന പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചത്. തമിഴ്നാട്ടിലെ ഈ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.ബി സാനറ്റോറിയത്തിന്റെ നിര്‍മാണ മാതൃക തന്നെയാണ് നാരായണ മേനോന് ഇവിടെയും സ്വീകരിച്ചത്. അന്ന് ക്ഷയം മാരക രോഗമായതിനാല്‍ നിശ്ചിത അകലം വ്യക്തമായി പാലിച്ചാണ് 350 ബെഡുകളുള്ള ഒമ്പത് വാര്‍ഡുകള്‍ നിര്‍മിച്ചത്. രോഗ തീവ്രതയനുസരിച്ചായിരുന്നു വാർഡുകളിലെ പ്രവേശം. നിരവധി രോഗികളാണ് ഇവിടെനിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. എന്നാൽ വൈകിയെത്തിയ ഏറെ പേർ ഇവിടെ കിടന്ന് മരിച്ചതും ചരിത്രം.
1950ല്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച സാനിട്ടോറിയത്തിന്റെ 90 ശതമാനം കെട്ടടങ്ങളും അടുത്ത കാലം വരെ നിലനിന്നിരുന്നു. മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച ക്യാമ്പ് ഓഫിസ് പിന്നീട് സാനറ്റോറിയം ക്വാര്‍ട്ടേഴ്സായി മാറി. സാനട്ടോറിയം നിലനിന്ന 1993 വരെ ഈ ക്വാര്‍ട്ടേഴ്സ് ഉപയോഗിച്ചിരുന്നു.
അക്കാലത്ത് സാനറ്റോറിയത്തിലെ സൂപ്രണ്ട് ക്വാർട്ടേഴ്സ് പ്രവർത്തിച്ച കെട്ടിടമാണ് അടുത്ത കാലംവരെ പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചത്. സ്ഥല പരിമിതി ഒഴിച്ചാൽ പരിസ്ഥിതി സൗഹൃദമുള്ള ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ചരിത്ര സാക്ഷിയായി നിലനിർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.