മാട്ടൂലിൽ പോരാട്ടത്തിന് വീര്യം കൂടും
text_fieldsഅബ്ദുൽ നിസാർ വായിപറമ്പ്, എസ്.കെ.പി. സക്കരിയ
പഴയങ്ങാടി: മാടായി, മാട്ടൂൽ, ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകൾ പൂർണമായും ഉൾക്കൊണ്ടിരുന്ന ചെറുകുന്ന് ഡിവിഷനിൽനിന്ന് മാറി മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, ചെറുകുന്ന്, പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്നതാണ് പുതിയ മാട്ടൂൽ ഡിവിഷൻ. കഴിഞ്ഞ തവണ മാടായി, മാട്ടൂൽ, ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചെറുകുന്ന് ഡിവിഷനിൽ മുസ് ലിം ലീഗിലെ എസ്.കെ. ആബിദ വിജയിച്ചത് 10,431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. 53,230 വോട്ടർമാരുണ്ട് ഈ ഡിവിഷനിൽ.
മാട്ടൂൽ, മാടായി പഞ്ചായത്തുകൾ യു.ഡി.എഫ് ആധിപത്യമാണെങ്കിലും സി.പി.എമ്മിനും എസ്.ഡി.പി.ഐക്കും ഇവിടെ വാർഡുകളുണ്ട്. കമ്യൂണിസ്റ്റ് ആധിപത്യ പഞ്ചായത്തുകളിലാണ് അവശേഷിക്കുന്ന വാർഡുകൾ. വാർഡ് പുനർനിർണയത്തിൽ ഡിവിഷനും അടിമുടിമാറിയപ്പോൾ ഇരുമുന്നണികളും പ്രതീക്ഷയിലാണ്. അതിനാൽ തന്നെ പോരാട്ടത്തിന് വീര്യവും കൂടും. മുട്ടം സ്വദേശിയായ കുഞ്ഞിമംഗലത്ത് താമസിക്കുന്ന മുസ് ലിം ലീഗിന്റെ എസ്.കെ.പി. സക്കരിയയാണ് യു.ഡി.എഫ് സ്ഥാനാർഥി. മുസ് ലിം ലീഗ് ജില്ല, സംസ്ഥാന സമിതി അംഗവും കല്യാശ്ശേരി മണ്ഡലം പ്രസിഡന്റും യു.ഡി.എഫ് കല്യാശ്ശേരി മണ്ഡലം ജനറൽ കൺവീനറുമാണ്. സക്കരിയയുടെ കന്നിയങ്കമാണിത്.
സി.പി.ഐയിലെ അബ്ദുൽ നിസാർ വായിപ്പാറമ്പാണ് എൽ.ഡി.എഫ് സ്ഥാനാർഥി. നിലവിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. 2000 മുതൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിച്ചിട്ടുണ്ട്. എരിപുരം മാടായിക്കാവ് സ്വദേശി എ.വി. സനിലാണ് ബി.ജെ.പി സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് കാസർകോട് പാർലമെന്റ് മണ്ഡലം സെക്രട്ടറിയായിരുന്ന സനിൽ കോൺഗ്രസ് വിട്ടാണ് ബി.ജെ.പിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

