ആനമതിൽ ഇനി എന്ന് ? മന്ത്രിതല ഇടപെടലുണ്ടായിട്ടും കാര്യമുണ്ടായില്ല
text_fieldsപേരാവൂർ: ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമിക്കുന്ന ആന പ്രതിരോധ മതിലിന്റെ നിർമാണം ഇഴഞ്ഞുതന്നെ. ഹൈകോടതിയുടെയും പട്ടികജാതി -വർഗ കമീഷന്റെയും മന്ത്രിതലത്തിലുള്ള ഇടപെടലുകളുണ്ടായിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതിയില്ല. വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി നിർമാണ പുരോഗതി വിലയിരുത്തി ആറു കി.മീറ്റർ മതിൽ ഏപ്രിൽ 30നകം തീർക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നു.
കഴിഞ്ഞദിവസം മാത്രമാണ് തിരുവനന്തപുരത്തുനിന്ന് കൂടുതൽ തൊഴിലാളികളെത്തിയത്. രണ്ട് മേഖലകളാക്കി തിരിച്ച് 50 ഓളം തൊഴിലാളികൾ നിർമാണത്തിന്റെ ഭാഗമായിട്ടുണ്ട്. 10.5 കിലോമീറ്ററിലാണ് മതിൽ നിർമിക്കേണ്ടത്. എന്നാൽ, ഒന്നരവർഷം പിന്നിടുമ്പോൾ മതിലിന്റെ നാല് കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നകം ആറു കി.മീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പാകാനിടയില്ല. കൂടുതൽ തൊഴിലാളികളെത്തിയിട്ടുണ്ടെങ്കിലും നിർമാണ സാമഗ്രികളുടെ ക്ഷാമം പ്രതിസന്ധിയാകുന്നുണ്ട്.
നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയാലും ഇപ്പോഴുള്ള തൊഴിലാളികളെ പൂർണമായി ഉപയോഗപ്പെടുത്തി പ്രവൃത്തി തുടർന്നാലും ആറ് കിലോമീറ്റർ പൂർത്തിയാക്കണമെങ്കിൽ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 10.5 കിലോമീറ്റർ മതിലിന് 53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.