മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി റോഡ്; വിദഗ്ധ സമിതി പഠനം പൂർത്തിയാക്കി
text_fieldsപേരാവൂർ: അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ അഞ്ച് പഞ്ചായത്തിലും ഒരു നഗരസഭയിലുമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന നാല് വരി പാതയുടെ വിദഗ്ധ സമിതി പഠനം പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും.
കിഫ്ബി, കിയാൽ, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയവയുടെ പ്രതിനിധികളും പരിസ്ഥിതി വിദഗ്ധരും സാമൂഹിക ശാസ്ത്ര വിദഗ്ധരും നിയമ വിദഗ്ധരും ഒക്കെ ചേർന്നാണ് റോഡിന്റെ സാമൂഹികാഘാതം വിദഗ്ധമായി പഠിച്ചത്. സമിതിയുടെ രണ്ടാമത്തെ സിറ്റിങ് പേരാവൂരിൽ നടത്തിയിരുന്നു. സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടാണ് വിദഗ്ധസംഘം വിശദമായി പരിശോധിച്ചത്.
ഡോ. എം.എൻ. സുനിൽകുമാറാണ് സമിതിയുടെ ചെയർമാൻ. സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ സർക്കാർ 11 (1) നോട്ടിഫിക്കേഷൻ പുറത്തിറക്കും. തുടർന്ന് റവന്യൂ വിഭാഗം ഭൂമി അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാരം തുക നിശ്ചയിക്കും. സാമൂഹിക പ്രത്യാഘാത റിപ്പോർട്ട് റോഡിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം. 84.906 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടി വരുന്നത്.
അഞ്ചു പഞ്ചായത്തുകളും ഒരു നഗരസഭയും റോഡ് പരിധിയിൽ ഉൾപ്പെടും. അമ്പായത്തോട് മുതൽ മാനന്തവാടി വരെ മലയോര ഹൈവേയായി റോഡ് വികസിപ്പിക്കാനാണ് നിലവിലെ തീരുമാനം. മാനന്തവാടിക്കും നാലുവരിപ്പാത തന്നെ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
1500 കോടി രൂപയാണ് റോഡ് വികസനത്തിനായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്. റോഡ് വികസനം നീണ്ടുപോകുന്നതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കകയിലാണ്. റോഡ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിൽ ക്രയവിക്രയങ്ങൾ നടത്തുന്നതിനോ ഭൂമി വിൽക്കുന്നതിനോ കെട്ടിടങ്ങൾ നിർമിക്കുന്നതിന് നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ബാങ്കിൽ ലോൺ പോലും നിലവിൽ ലഭിക്കുന്നില്ല. ഭൂമി ഏറ്റെടുക്കൽ അടിയന്തരമായി പൂർത്തിയാക്കി നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.