പേരാവൂർ പോരാട്ടം കനക്കും
text_fieldsനവ്യ സുരേഷ്,സജിത മോഹനൻ
പേരാവൂർ: ജില്ല പഞ്ചായത്ത് പേരാവൂർ ഡിവിഷനിൽ ഇത്തവണ പോരാട്ടം കനക്കും. പേരാവൂർ ഡിവിഷന്റെ ഭാഗമായ പ്രദേശങ്ങളും ചേർത്ത് പുതുതായി കൊട്ടിയൂർ ഡിവിഷൻ വന്നതോടെ വോട്ട് നിലയിൽ വലിയ അന്തരമാണുണ്ടായത്. കഴിഞ്ഞ തവണ കോൺഗ്രസിലെ എം. ജൂബിലി ചാക്കോ 20,412 വോട്ട് നേടിയാണ് വിജയിച്ചത്. ഇടത് സ്ഥാനാർഥി എൻ.സി.പിയിലെ ഷീന ജോണിനെയാണ് പരാജയപ്പെടുത്തിയത്. ഷീന ജോണിന് 18164 വോട്ടും സ്വതന്ത്ര സ്ഥാനാർഥിയായ ജോവാന് 3560 വോട്ടും ലഭിച്ചു.
ഇരിട്ടി ബ്ലോക്കിലെ കീഴ്പ്പള്ളി, വെളിമാനം, ആലയാട്, തില്ലങ്കേരി, പേരാവൂർ ബ്ലോക്കിലെ പാലപ്പുഴ, പേരാവൂർ, മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാട് ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് പേരാവൂർ ജില്ല പഞ്ചായത്ത് ഡിവിഷൻ. എൽ.ഡി.എഫ് ഭരിക്കുന്ന മുഴക്കുന്ന്, തില്ലങ്കേരി, പേരാവൂർ, മാലൂർ, ആറളം പഞ്ചായത്തുകളിലെ നിരവധി വാർഡുകൾ ഉൾപ്പെട്ട പേരാവൂർ ഡിവിഷനിൽ ഇത്തവണ യു.ഡി.എഫ്-ഇടത് മത്സരം കനക്കും.
യു.ഡി.എഫ് സ്ഥാനാർഥിയായി മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സജിത മോഹനനും എൽ.ഡി.എഫ് സ്ഥാനാർഥിയായി എസ്.എഫ്.ഐ പേരാവൂർ ഏരിയ ജോയിന്റ് സെക്രട്ടറി നവ്യ സുരേഷും എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി ലതിക സുരേഷും മത്സരിക്കും. യു.ഡി.എഫ് സ്ഥാനാർഥി സജിത മോഹനൻ നാലാം തവണയാണ് ജനവിധി തേടുന്നത്. പാലാ ഡിവിഷനിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബറായിട്ടുണ്ട്.
സജിതയുടെ ഭർത്താവ് സി.കെ. മോഹനൻ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വട്ടപ്പൊയിൽ വാർഡ് സ്ഥാനാർഥിയാണ്. 22 കാരിയായ നവ്യ സുരേഷ് ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയും എം.എ രണ്ടാം വർഷ മാധ്യമ വിദ്യാർഥിനിയുമാണ്. എസ്.എഫ്.ഐ പേരാവൂർ ഏരിയ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സൗത്ത് മേഖല വൈസ് പ്രസിഡന്റുമാണ്. എൻ.ഡി.എ സ്ഥാനാർഥി പേരാവൂർ തെരുസ്വദേശിനി ലതിക സുരേഷ് മുമ്പ് പേരാവൂർ ഗ്രാമപഞ്ചായത്ത് വാർഡിലും മത്സരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

