ഏഴുമാസംമുമ്പ് ഉദ്ഘാടനം; മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം പൂട്ടി
text_fieldsമേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിട്ടനിലയിൽ
പെരിങ്ങത്തൂർ: ഏഴുമാസംമുമ്പ് ഉദ്ഘാടനം ചെയ്ത പാനൂർ നഗരസഭയിലെ മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പൂട്ടിയിട്ടനിലയിൽ. കഴിഞ്ഞവർഷം ഡിസംബർ 14നാണ് നിയമസഭ സ്പീക്കർ എ.എന്. ഷംസീർ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മേക്കുന്ന് പാനൂർ സംസ്ഥാനപാതയിൽ വി.പി. സത്യൻ റോഡിലാണ് പുതിയ കെട്ടിടം.
നിലവിലെ പഴയ കെട്ടിടം നിലനിർത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന പഴയ കെട്ടിടത്തിൽ ഞെങ്ങിഞെരുങ്ങുന്ന അവസ്ഥയിലാണ് രോഗികളും ജീവനക്കാരുമിപ്പോൾ. കെട്ടിടത്തിന്റെ പല ഭാഗവും ചിതലരിച്ചു തുടങ്ങി. ലാബ് സ്ഥിതിചെയ്യുന്ന ഭാഗത്തെ മേൽക്കൂര തകർന്നനിലയിലാണ്.
എൻ.എച്ച്.എം 1.35 കോടി രൂപയും ആർദ്രം പദ്ധതി വഴി 15 ലക്ഷം രൂപയും നഗരസഭ ഫണ്ടിൽനിന്ന് 23 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ഫർണിച്ചർ, ഉപകരണങ്ങൾ, ചുറ്റുമതിൽ, ഗേറ്റ്, ബോർഡ്, ഇന്റർലോക്ക്, റോഡ് നവീകരണം എന്നിവക്കും നഗരസഭ ഫണ്ട് അനുവദിച്ചു. പിണറായിയിലെ 'പാപ്കോസ്' ആണ് പുതിയ കെട്ടിടം നിർമിച്ചത്. എല്ലാം സജ്ജമായതോടെ ഉദ്ഘാടനവും നടത്തുകയായിരുന്നു.
ഈ കെട്ടിടത്തിന് പ്രത്യേകം സെപ്റ്റിക് ടാങ്ക് നിർമിക്കാതെ പഴയ കെട്ടിടത്തിന്റെ ടാങ്കുമായി ബന്ധിപ്പിച്ചത് സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കി. ഇത് ആരോഗ്യകേന്ദ്രം പൂട്ടിയിടാൻ പ്രധാന കാരണമായി. പുതിയ ടാങ്ക് നിർമിക്കാൻ നഗരസഭയും ആശുപത്രി വികസന സമിതിയും ഇടപെട്ട് ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വീണ്ടും ഇവിടെ നിർമാണം ആരംഭിച്ചു. ഇതെല്ലാം പൂർത്തിയായാലേ ഇനി കേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ കഴിയുകയുള്ളൂ.
ദിവസേന 300ൽ അധികം രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയിൽ നേരത്തേതന്നെ സായാഹ്ന ഒ.പിയും ആരംഭിച്ചിരുന്നു. മൂന്ന് ഡോക്ടർമാരുടെ സേവനവും അത്യാവശ്യ രക്തപരിശോധന സംവിധാനവും ഇപ്പോൾ ഇവിടെയുണ്ട്. ഇപ്പോഴും ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.