കക്കൂസ് മാലിന്യം തള്ളാനെത്തി; നാട്ടുകാർ പിടികൂടി
text_fieldsകക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടിയപ്പോൾ
തളിപ്പറമ്പ്: ദേശീയപാത ബൈപാസ് നിർമാണത്തിന്റെ മറവിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതായി ആക്ഷേപം.
മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും കഴിഞ്ഞ ദിവസം ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം കുറ്റിക്കോൽ, കൂവോട് തുരുത്തിയിൽ സ്വകാര്യ സ്ഥലത്ത് തള്ളാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ലോറി പിടികൂടി പൊലീസിന് കൈമാറി.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കുറ്റിക്കോൽ, കൂവോട് തുരുത്തി ഭാഗങ്ങളിൽ ബൈപാസ് നിർമാണം നടക്കുന്നതിനടുത്താണ് മാലിന്യം തള്ളാൻ ശ്രമിച്ചത്. സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു.
ബൈപാസിനടുത്ത് സ്റ്റേഡിയത്തിൽ കമ്പവലി മത്സരം നടക്കുന്നതിനിടയിൽ കുട്ടികളാണ് സംഭവം കണ്ടത്. മേഘ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നുള്ള കക്കൂസ് മാലിന്യമാണ് തള്ളാൻ ശ്രമിച്ചത്.
ഒരു മാസക്കാലമായി ബൈപാസ് കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നുണ്ട്. നിലവിൽ നിർമാണം നടക്കുന്നതിനാൽ ഇവിടെ ആൾക്കാർ വരുന്നത് വിരളമാണ്. ഇതിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയിരുന്നു.
കക്കൂസ് മാലിന്യം കിണറുകളിലും ജലാശയങ്ങളിലും കലർന്ന് കുടിവെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാരെ ദ്രോഹിക്കാതെ കക്കൂസ് മാലിന്യം മറവ് ചെയ്യാൻ ബദൽ സംവിധാനം മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ഭാഗത്തുനിന്ന് ഒരുക്കണമെന്നും വാർഡ് കൗൺസിലർ വിജയൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.