വധശ്രമക്കേസ് :12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്
text_fieldsതലശ്ശേരി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ച കേസിൽ 12 സി.പി.എം പ്രവര്‍ത്തകരെ കോടതി കുറ്റക്കാരായി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ഇരിവേരി മുതുകുറ്റി ചാലില്‍ പൊയില്‍ വീട്ടില്‍ സി.പി രഞ്ജിത്ത് (30), സഹോദരന് സി.പി. രജീഷ് (28) എന്നിവരെ ബൈക്കില്‍ യാത്രചെയ്യവെ മുതുകുറ്റിയില്‍ വെച്ച് ആക്രമിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന കേസിലാണ് 12 സി.പി. എം പ്രവര്‍ത്തകരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
രണ്ടാം പ്രതി തലവില്‍ ചെമ്പിലോട് സ്വദേശി ലിജിന്‍ (33), മൂന്നാം പ്രതി തലവില്‍ ചാലില്‍ പറമ്പത്ത് ഹൗസില്‍ വിജില്‍ (39), നാലാം പ്രതി തലവില്‍ കുനിമേല്‍ ഹൗസില്‍ സുധി (44), അഞ്ചാം പ്രതി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ മിഥുന് (32), ആറാം പ്രതി കണയന്നൂര്‍ മുക്കണ്ണന്മാര് ഹൗസില്‍ ഷിനോജ് (38), ഏഴാം പ്രതി കണയന്നൂര്‍ പാടിച്ചാല്‍ ഹൗസില്‍ സായൂജ് (35), എട്ടാം പ്രതി ചെമ്പിലോട് പീടികക്കണ്ടി ഹൗസില്‍ ഹാഷിം എന്ന ബ്രോക്കര്‍ ഹാഷിം (45), ഒമ്പതാം പ്രതി ഇരിവേരി ഈയ്യത്തുംചാലില് ഹൗസില്‍ ഷിനാല്‍ (33), പത്താം പ്രതി തലവില്‍ കുളങ്ങരമഠത്തില്‍ ഹൗസില്‍ സുബിന് (37), പതിനൊന്നാം പ്രതി ചെമ്പിലോട് രമ്യ നിവാസില്‍ രാഹുല്‍ (32), പന്ത്രണ്ടാം പ്രതി ചെമ്പിലോട് ലക്ഷം വീട് കോളനിയിലെ റനീഷ് (36), പതിമൂന്നാം പ്രതി ചെമ്പിലോട് വിനീത് നിവാസില്‍ പറമ്പത്ത് വിനീത് (37) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി വിനു വിചാരണ വേളയില്‍ ഹാജരാവാത്തതിനാല്‍ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും.
2015 ഫെബ്രുവരി 25 ന് രാവിലെ 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയിലായിരുന്നു. ഇയാളുടെ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വലത് കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കേസിലെ ഒമ്പത്, 11 പ്രതികള്‍ വിചാരണക്ക് കോടതിയില്‍ ഹാജരായിരുന്നില്ല. പതിനൊന്നാം പ്രതി രാഹുല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. രൂപേഷാണ് ഹാജരാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.