ഇ-ട്രൈക് തയാറാക്കി എൻജിനീയറിങ്ങ് വിദ്യാർഥികൾ
text_fieldsഎൻജിനീയറിങ്ങ് വിദ്യാർഥികൾ നിർമിച്ച ഇ-ട്രൈക് വാഹനം
തലശ്ശേരി: ഇലക്ട്രിക് ത്രീവീലർ (ഇ-ട്രൈക്) രൂപകൽപന ചെയ്ത് തലശ്ശേരി എൻജിനീയറിങ്ങ് കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് എട്ടാം സെമസ്റ്റർ വിദ്യാർഥികൾ ശ്രദ്ധേയരായി. മൂന്ന് ചക്രങ്ങളുള്ള യാന്ത്രിക ബാലൻസിങ് സംവിധാനമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഇത് ഭിന്നശേഷിയുള്ള ആളുകൾക്ക് വീൽചെയറിന് പകരമായും, മറ്റൊരാളുടെ സഹായമില്ലാതെ സഞ്ചരിക്കാനും ഏറെ ഉപകാരപ്രദമാകും.
ആശുപത്രികൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സാധനങ്ങൾ കൊണ്ടുപോകാനും ഈ വാഹനം ഉപയോഗിക്കാം. ഇലക്ട്രിക്കൽ എൻജിനീയറിങ് എട്ടാം സെമസ്റ്റർ വിദ്യാർഥികളായ പി.എ. വിഷ്ണു, ശ്രീഹരി വിനോദ്, അർജുൻ കൃഷ്ണദാസ്, രോഹിത് കണ്ണൻ, കിരൺ എസ്. കുമാർ എന്നിവരാണ് ഈ നൂതന സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ചത്. ടോർക്കും മികച്ച പ്രകടനവും ഉറപ്പാക്കുന്ന ഒരു ബി.എൽ.ഡി.സി മോട്ടോറും ഇലക്ട്രിക് ഡ്രൈവ് സിസ്റ്റവുമാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനവുമായി ആശയവിനിമയം നടത്താനും ട്രാക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനം ഇതിലുണ്ട്. ഭാവിയിൽ നിശ്ചിത സ്ഥലങ്ങളിൽ ഡ്രൈവറില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയും ഇതിലേക്ക് വികസിപ്പിക്കാൻ സാധിക്കും. 250 കിലോഗ്രാം വരെ ഭാരം കയറ്റി എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഈ വാഹനം പരീക്ഷിച്ചിട്ടുണ്ട്.
അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ഈ ഇ-ട്രൈക്കിന്റെ രൂപകൽപന, നിർമാണം, പരീക്ഷണം എന്നിവയെല്ലാം കോളജിലെ മിനി ഫാബ്രിക്കേഷൻ ലാബിൽ വെച്ചാണ് വിദ്യാർഥികൾ പൂർത്തിയാക്കിയത്. ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ വികസിപ്പിച്ച രണ്ടാമത്തെ വാഹനമാണിത്. ഇതിനു പുറമെ, ഇവർ മാലിന്യ സംസ്കരണത്തിനായി മലബാർ കാൻസർ സെൻററിനു വേണ്ടി പ്രത്യേക വാഹനം നിർമിക്കാനും പദ്ധതിയിടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.