"പരേതർ' ഹിയറിങ്ങിന് ഹാജരാവണം, ജീവിച്ചിരിക്കുന്നതിന്റെ തെളിവുമായി!
text_fieldsതലശ്ശേരി: ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കംചെയ്യാൻ വ്യാപക ശ്രമം. തലശ്ശേരി നഗരസഭയിലാണ് ഓൺലൈൻ വഴി വ്യാപക ക്രമക്കേട് നടന്നിട്ടുള്ളത്. തലശ്ശേരി ടെമ്പിൾ വാർഡിലെ അറയിലകത്ത് തായലക്കണ്ടി വീട്ടിൽ എ.ടി. അയിശു, കനോത്ത് ചങ്കരോത്ത് തട്ടാൻ വീട്ടിൽ സി.ടി. കുഞ്ഞലു എന്നിവരുടെ പേര് നീക്കുന്നതിന് തലശ്ശേരി എം.കെ. നിവാസിൽ ശ്രീജിത്താണ് തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിട്ടുള്ളത്. ഇവർ മരിച്ചെന്ന് തെറ്റിദ്ധാരിപ്പിച്ചാണിത്. ടെമ്പിൾ വാർഡിലെ വോട്ടർ പട്ടികയിൽ 002 പാർട്ടിൽ ക്രമനമ്പർ 27 പ്രകാരമുള്ള വോട്ടറാണ് എ.ടി. അയിശു. സി.ടി. കുഞ്ഞലു ക്രമനമ്പർ 61ലെ വോട്ടറുമാണ്.
ശ്രീജിത്ത് ഫയൽ ചെയ്ത ആക്ഷേപത്തിൽ 'മരിച്ചു' എന്ന് രേഖപ്പെടുത്തിയവരുടെ പേരിലാണ് തലശ്ശേരി നഗരസഭയിൽനിന്ന് വാദം കേൾക്കലിന് നോട്ടീസും അയച്ചിട്ടുള്ളത്. തലശ്ശേരി മുനിസിപ്പൽ ഓഫിസിൽ 22ന് രാവിലെ 10.30നാണ് വാദം കേൾക്കുന്നത്. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടാതിരിക്കണമെങ്കിൽ മതിയായ തെളിവുമായി വെള്ളിയാഴ്ച ഹിയറിങ്ങിന് എത്തണമെന്ന തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസറുടെ നോട്ടീസ് ലഭിച്ചപ്പോൾ അമ്പരപ്പിലാണ് ഇരുവരും. ജീവിച്ചിരിക്കുന്നതിന്റെ തെളിവുമായി ഹിയറിങ്ങിൽ പങ്കെടുക്കാനാണ് 84കാരി അയിശുവിന്റെയും 68കാരി കുഞ്ഞലുവിന്റെയും തീരുമാനം.
പേര് വെട്ടുന്നതിന് രണ്ടുപേർക്കുമെതിരെ ഓൺലൈനായി ആക്ഷേപം നൽകിയിരിക്കുന്നത് ഒരാൾ തന്നെയാണ്. വോട്ടർ പട്ടികയിൽനിന്ന് ജീവിച്ചിരിക്കുന്നവരുടെ പേര് നീക്കംചെയ്യാനുള്ള കുത്സിത ശ്രമത്തിൽ മുസ് ലിം ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജി പ്രതിഷേധിച്ചു. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കുന്നതായി പരാതി
തലശ്ശേരി: മാരിയമ്മ വാർഡിൽ എം.എം റോഡ് കളത്തിൽ ഹൗസിൽ താമസിക്കുന്ന മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എ. ഷർമിളയുടെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കാൻ വാർഡ് മെംബർ തബസം ശ്രമിച്ചതായി പരാതി.
ഇതുസംബന്ധിച്ച് ഷർമിള നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. അംഗത്തിന്റെ ആക്ഷേപം വാസ്തവവിരുദ്ധമാണ്. വാർഡിലുള്ള നിരവധി വോട്ടർമാരുടെ പേരുകൾ നീക്കാൻ അംഗം കള്ളസത്യവാങ്മൂലം നൽകിയിട്ടുണ്ട്. മാരിയമ്മ വാർഡിൽ സ്ഥിരതാമസമുള്ള സി.പി.എമ്മിന് അനുകൂലമല്ലാത്ത വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കംചെയ്യാൻ ശ്രമിക്കുന്ന അംഗത്തിനെതിരെ നിയമനടപടി വേണമെന്നാണ് മഹിള കോൺഗ്രസ് നേതാവിന്റെ ആവശ്യം.
സ്വന്തം വാർഡിലെ വോട്ടർമാർ ആരെന്നറിയാത്ത അംഗം നഗരസഭക്ക് അപമാനമാണ്. ഇവർക്ക് വീണ്ടും മത്സരിക്കാനുള്ള അവസരം നൽകരുത്. കള്ളസത്യവാങ്മൂലം നൽകി ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുത്തുന്ന വാർഡ് മെംബർക്കെതിരെ കർശന നടപടി വേണമെന്ന് മഹിള കോൺഗ്രസ് നേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.