കുഴികൾ നിറഞ്ഞ് കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡ്
text_fieldsകുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിലെ കുഴികൾ
തലശ്ശേരി: കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡിൽ യാത്ര ദുഷ്കരം. റോഡ് നിറയെ തലങ്ങും വിലങ്ങുമായി കുഴികളാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. ചെറുതായി പൊട്ടിയ ഭാഗങ്ങളിൽ ഇപ്പോൾ ഭീമൻ കുഴികളാണ്. റോഡ് പലയിടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഇവിടെ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവാണ്. മഞ്ഞോടിയിലെ ഗതാഗത സ്തംഭനം ഒഴിവാക്കി തലശ്ശേരി നഗരത്തിലെത്താമെന്നതിനാൽ കുട്ടിമാക്കൂൽ-എരഞ്ഞോളിപ്പാലം റോഡിനെ ആശ്രയിക്കുന്നത് നിരവധി യാത്രക്കാരാണ്.
കോപ്പാലത്തേക്ക് ഇന്ധനം നിറക്കാൻ എത്തുന്ന ബസ് ഉൾെപ്പടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ റോഡ് വഴിയാണ്. തലശ്ശേരി-മാഹി ബൈപാസിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും മലബാർ കാൻസർ സെന്ററിലേക്കുള്ള യാത്രക്കാർ കടന്നു പോകുന്നതും ഇതു വഴിയാണ്. അതുകൊണ്ടുതന്നെ ഇടതടവില്ലാതെ വാഹനങ്ങളുടെ ഒഴുക്കാണിവിടെ.
കാൽനടപോലും സാധ്യമാകാത്ത വിധം റോഡ് തകർന്ന് തരിപ്പണമായിട്ടുണ്ട്. കുട്ടിമാക്കൂലിൽ റോഡിന്റെ പ്രവേശന കവാടത്തിൽ വൻ കുഴിയാണുള്ളത്. വളവിൽ തന്നെയായതിനാൽ വശം തെറ്റിച്ച് വാഹനങ്ങൾ കടന്നു വരുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കുഴിയുള്ളതറിയാതെ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നുണ്ട്.
മഴക്കാലത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴിയുടെ ആഴം അറിയാതെ ഓട്ടോറിക്ഷകളും, ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്. ഈ റോഡിൽ തന്നെ ആറിടങ്ങളിൽ തകർച്ചയുണ്ട്. ഇതിന്റെ തുടർച്ചയായുള്ള സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ റോഡും തരിപ്പണമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.