നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
text_fieldsതലശ്ശേരി കടൽപ്പാലം പരിസരത്തുനിന്ന് മത്സ്യമാർക്കറ്റിലേക്കുള്ള റോഡിൽ മലിനജലം ഒഴിഞ്ഞപ്പോൾ
തലശ്ശേരി: നിരീക്ഷണ കാമറകൾ വന്നതോടെ തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ് കടൽത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉൾപ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടൽപ്പാലം മുതൽ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയിൽ സ്ഥാപിച്ചത്.
മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉൾപ്പെടെ കർശന നടപടികൾ ചുമത്തുന്നതിന് നഗരസഭയാണ് കാമറകൾ സ്ഥാപിച്ചത്.കടൽപാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്.
വാഹനങ്ങളിൽ കൊണ്ടുവന്നാണ് കാലങ്ങളായി കടൽത്തീരത്ത് ആളുകൾ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടൽ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താൽ കടൽത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടൽക്കരയിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്.
വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. കാമറയിൽ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടിൽ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നുള്ള മലിന ജലം കടപ്പുറം റോഡിൽ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകൾ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു.
മലിനജലം കുത്തിയൊഴുകിയ റോഡുകൾ കഴിഞ്ഞ ദിവസം മുതൽ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടൽതീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.