155െൻറ നിറവിൽ തലശ്ശേരി നഗരസഭ
text_fieldsതലശ്ശേരി: പൈതൃക നഗരിയിലെ നഗരസഭക്ക് കേരളപ്പിറവി ദിനത്തിൽ 155െൻറ നിറവ്. മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്. 1866 നവംബർ ഒന്നിനാണ് നഗരസഭ നിലവിൽ വന്നത്. മുനിസിപ്പൽ കമീഷൻ എന്നായിരുന്നു ആദ്യ പേര്. മലബാർ കലക്ടറായിരുന്ന ജി.എ. ബല്ലാർഡായിരുന്നു പ്രഥമ പ്രസിഡൻറ്. 1885ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകൻ എ.എഫ്. ലബറൽ ഒന്നാമത്തെ ചെയർമാനായി. നഗരസഭയുടെ തലശ്ശേരിക്കാരനായ ആദ്യ വൈസ് പ്രസിഡൻറ് ചൂര്യായി കണാരനും ആദ്യ വനിത അധ്യക്ഷ ലളിത ആർ. പ്രഭുവും.
1880ലാണ് നഗരത്തിെൻറ അതിരുകൾ വിപുലപ്പെടുത്തിയത്. വടക്ക് കൊടുവള്ളിപ്പാലം മുതൽ തെക്ക് മൈലാൻകുന്ന് വരെയും പടിഞ്ഞാറ് കടലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴ വരെയുമായിരുന്നു അന്നത്തെ നഗരസഭ പ്രദേശം. തലായി, കുന്നോത്ത്, മണ്ണയാട്, കാവുംഭാഗം, വയലളം ദേശങ്ങൾ 1961ൽ നഗരസഭയോട് കൂട്ടിച്ചേർത്തു. പഴയ കോടിയേരി പഞ്ചായത്തും സി.ടി. ഉമ്മർകുട്ടി ചെയർമാനായിരിക്കെ 1990ൽ നഗരസഭയുടെ ഭാഗമായി.
കടലാക്രമണത്തിൽ നിരവധി ഹെക്ടർ സ്ഥലം നഷ്ടപ്പെട്ട പട്ടണമാണ് തലശ്ശേരി. തീരത്തുനിന്ന് 350 -400 മീറ്റർ അകലെ സമുദ്രത്തിൽ കാണുന്ന പാറക്കൂട്ടങ്ങൾ ഒരുകാലത്ത് മത്സ്യമാർക്കറ്റ് പ്രവർത്തിച്ച സ്ഥലമാണ്. അടുത്ത കാലത്തായി തലശ്ശേരി കടൽതീരത്ത് നയനാനന്ദകരമായ മാറ്റങ്ങളുണ്ടായി. ബ്രിട്ടീഷ് പാണ്ടികശാല പ്രവർത്തിച്ച തീരം ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. ചലച്ചിത്ര നിർമാണത്തിനും ഈ തീരത്ത് വേദിയൊരുങ്ങി. നിറങ്ങളാൽ അലംകൃതമായ ഇവിടം യുവനിരയുടെ സംഗമ വേദിയായി മാറിയിരിക്കുന്നു. തലശ്ശേരി, കോർപറേഷനാക്കണമെന്ന ആവശ്യവും അടുത്തകാലത്തായി ഉയർന്നുവന്നിട്ടുണ്ട്.
മലബാറിലെ ബ്രിട്ടീഷ് ആസ്ഥാനത്ത് പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും പലകാലങ്ങളിലായി ആധിപത്യം സ്ഥാപിച്ചവരാണ്. 1683ലാണ് ബ്രിട്ടീഷ് ഇൗസ്റ്റിന്ത്യ കമ്പനി സംഭരണ കേന്ദ്രം സ്ഥാപിച്ചത്. 1708 ആഗസ്റ്റ് 20ന് കോട്ട പണിതു. ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രവും ആയുധപ്പുരയും സൈനികത്താവളവും ഇവിടെയായിരുന്നു. തടവറയും നാണയം അടിക്കുന്ന കമ്മട്ടവുമുണ്ടായിരുന്നു. സുഗന്ധ ദ്രവ്യങ്ങൾ ഇതുവഴിയാണ് കടൽ കടന്നത്. മലബാറിലെ ആദ്യ ജില്ല കോടതി 1802ൽ പ്രവർത്തനം തുടങ്ങി. യൂറോപ്യൻ അധിനിവേശത്തിെൻറ ശേഷിപ്പുകൾ ഇന്നും കാണാം. വാണിജ്യ കയറ്റുമതിയിൽ നിറഞ്ഞുനിന്ന തലശ്ശേരി കടൽപാലവും തലശ്ശേരിയുടെ അടയാളം രേഖപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.