ടാങ്കർ അപകടം; നടുക്കം മാറാതെ തലശ്ശേരി
text_fieldsടാങ്കർ മറിഞ്ഞ് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം
തലശ്ശേരി: നഗരവാസികളെ ഭയപ്പാടിലാക്കി വീണ്ടും ടാങ്കർ അപകടം. ശനിയാഴ്ച ജോലിക്ക് പുറപ്പെടും മുമ്പേ ടാങ്കർ അപകടമുണ്ടായ വാർത്തയാണ് ഭീതിയോടെ നഗരവാസികൾ കേട്ടത്. രണ്ടാം ഗേറ്റ്, സൈദാർപള്ളി, തിരുവങ്ങാട് പ്രദേശവാസികളാണ് ഭീതിയുടെ മുൾമുനയിലായത്. ഒടുവിൽ ടാങ്കറിൽ ചോർച്ചയില്ലെന്ന് അറിഞ്ഞതോടെയാണ് പലർക്കും ശ്വാസം നേരെ വീണത്.
രണ്ട് പതിറ്റാണ്ടുമുമ്പ് അപകടമുണ്ടായ അതേ സ്ഥലത്താണ് ശനിയാഴ്ച വീണ്ടും ടാങ്കർ അപകടമുണ്ടായത്. രണ്ടാം ഗേറ്റ് പരിസരത്ത് കോഴിക്കോട് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വളവ് തിരിയുന്നിടത്താണ് അപകടമുണ്ടായത്. വളവ് തിരിയുന്നിടത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ചാണ് ടാങ്കർ മറിഞ്ഞത്. മുമ്പും അപകടമുണ്ടായപ്പോൾ ഇവിടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നിരുന്നു. അപകടം പതിയിരിക്കുന്ന ഇവിടെ ഗതാഗത സുരക്ഷ ഏർപ്പെടുത്താൻ കാര്യമായ നടപടി ഇനിയുമുണ്ടായിട്ടില്ല. മംഗളൂരുവിൽനിന്ന് പാചക വാതകവുമായി കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് ശനിയാഴ്ച അപകടത്തിൽപെട്ടത്.
റോഡിന്റെ വളവ് തിരിയുന്നതിനിടെ ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഏതാനും യാത്രക്കാർ ഉണ്ടായിരുന്നു. തൊട്ടുമുന്നിലെത്തിയ ബസിൽ അവർ കയറിയതായി സമീപവാസികൾ പറഞ്ഞു. സ്വകാര്യ ആശുപത്രി, യു.പി സ്കൂൾ, ആയുർവേദ ചികിത്സാലയം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും വീടുകളും അപകടമുണ്ടായ റെയിൽവേ ഗേറ്റിന് സമീപം രണ്ടുഭാഗത്തായി പ്രവർത്തിക്കുന്നുണ്ട്. അപകടം രാവിലെയായതിനാൽ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമുണ്ടായില്ല. തലശ്ശേരിക്കുപുറമെ കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷ നിലയത്തിലെ ഓരോ യൂനിറ്റുകളും സ്ഥലത്തെത്തിയിരുന്നു. റോഡിലേക്കൊഴുകിയ ഓയിൽ പൂഴിയിട്ട് നിർവീര്യമാക്കി. ഫയർ എൻജിനിലെ വെള്ളമൊഴിച്ച് ടാങ്കറിന് സുരക്ഷയൊരുക്കി. വൈകീട്ട് മൂന്നരയോടെ വടകര കുഞ്ഞിപ്പള്ളിയിൽ നിന്നെത്തിയ മറ്റൊരു കാബിനിലാണ് അപകടത്തിൽപെട്ട ടാങ്ക് കയറ്റിയത്.
ഇത് പിന്നീട് കൊളശ്ശേരിയിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അപകടം സംബന്ധിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ ടാങ്കർ കാബിനും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഡ്രൈവർ പെരിയസ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്.
രക്ഷാപ്രവർത്തനം അതിവേഗത്തിൽ
ടാങ്കർ മറിഞ്ഞെന്ന് വിവരം കിട്ടിയതോടെ ഉദ്യോഗസ്ഥ വൃന്ദം സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. തലശ്ശേരി അഗ്നിരക്ഷ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ വാസത്തിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റുകൾ ആദ്യമെത്തി. പിന്നാലെ കണ്ണൂരിൽനിന്നും കൂത്തുപറമ്പിൽനിന്നും ഓരോ യൂനിറ്റുകളും. തലശ്ശേരി നോർത്ത്, സൗത്ത് സെക്ഷനിൽ നിന്ന് രണ്ടാംഗേറ്റ് ഭാഗത്തേക്കുള്ള ഫീഡറിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അപകടമുനമ്പിൽ കർമസജ്ജരായി.
ഒരുവിളിപ്പുറത്ത് വളപട്ടണത്തുനിന്നുള്ള ഖലാസികളും നിതാന്ത ജാഗ്രതയിൽ സ്ഥലത്ത് കുതിച്ചെത്തി. ടാങ്കറിലുള്ള പാചകവാതകം പുറത്തേക്ക് പോകാതിരുന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. പൊലീസ്, അഗ്നിരക്ഷ, റവന്യൂ, ആരോഗ്യ വിഭാഗം, കെ.എസ്.ഇ.ബി, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവരെല്ലാം രാവിലെ മുതൽ വൈകീട്ട് നാലിന് ടാങ്കർ മാറ്റുന്നതുവരെ കർമനിരതരായിരുന്നു.
എ.എൻ. ഷംസീർ എം.എൽ.എയും സംഭവസ്ഥലത്തെത്തി. നഗരസഭാംഗങ്ങളായ ടി.സി. അബ്ദുൽ ഖിലാബ്, എൻ. രേഷ്മ എന്നിവരും മുഴുസമയം രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഐ.ആർ.പി.സിയുടെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി.
ടാങ്കർ അപകടം തുടർക്കഥ
തലശ്ശേരിയിൽ ടാങ്കർ മറിഞ്ഞുണ്ടായ അപകടം മുമ്പും നടന്നിട്ടുണ്ട്. ദേശീയ പാതയിൽ ജില്ല കോടതിക്ക് മുന്നിലാണ് ഇതിന് മുമ്പുണ്ടായ അപകടം. കോടതിക്ക് മുന്നിലെ സെന്റിനറി പാർക്കിന്റെ മതിലിലിടിച്ചാണ് അന്ന് ടാങ്കർ മറിഞ്ഞത്. അതിന് വർഷങ്ങൾക്കുമുമ്പ് എരഞ്ഞോളിയിലും പിലാക്കൂലിലും ടാങ്കർ അപകടമുണ്ടായിരുന്നു. രാത്രി പിലാക്കൂലിലുണ്ടായ അപകടമാണ് നഗരവാസികളിൽ കൂടുതൽ ഭീതിയുണർത്തിയത്. മുമ്പുണ്ടായ അപകടങ്ങളിലെല്ലാം ടാങ്കർ ചോർച്ചയുണ്ടായി.
എന്നാൽ, ശനിയാഴ്ചയുണ്ടായ അപകടത്തിൽ ചോർച്ചയുണ്ടായില്ലെന്നതാണ് ആശ്വാസമായത്. എന്നാലും തലശ്ശേരിയിൽ ടാങ്കർ ദുരിതം വിതക്കുന്നത് ജനങ്ങളിൽ ഞെട്ടലുളവാക്കുകയാണ്. തലശ്ശേരിയിലെ വളവും തിരിവും ഏറെയുള്ള റോഡുകളിൽ സുരക്ഷ ക്രമീകരണമില്ലാതെ ടാങ്കർ ഓടുന്നത് ജനങ്ങളിൽ ഭീതിയുണർത്തുകയാണ്.
വാഹനങ്ങൾ വഴിതിരിച്ചുവിട്ടു
അപകടത്തെത്തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ എ.വി.കെ നായർ റോഡിൽ നിന്നും ജൂബിലി റോഡ്, മട്ടാമ്പ്രം, പിലാക്കൂൽ വഴിയും ചെറിയ വാഹനങ്ങൾ ജൂബിലി റോഡിൽ നിന്ന് മാരിയമ്മ റോഡ് വഴിയും ദേശീയപാതയിലേക്ക് കടത്തിവിട്ടു. ടാങ്കർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.