കാത്തിരിപ്പിന് വിരാമം; ഉദ്ഘാടനത്തിനൊരുങ്ങി എരഞ്ഞോളിപ്പാലം
text_fieldsതലശ്ശേരി: എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം. തലശ്ശേരി -വളവുപാറ അന്തർസംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് രണ്ടാഴ്ചക്കകം പരിഹാരമാകും. എട്ടുവർഷം മുമ്പ് നിർമാണം തുടങ്ങിയ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി അവസാന ഘട്ടത്തിലെത്തി.
വിദേശ സാങ്കേതിക വിദ്യയിൽ നിർമിച്ച പഴയ എരഞ്ഞോളി പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിതത്. 94 മീറ്റർ നീളത്തിലുള്ള പാലത്തിന്റെ ടാറിങ് പൂർത്തിയായി. മിനുക്കുപണി മാത്രമാണ് ഇനിയുള്ളത്. സർവിസ് റോഡും പെയിന്റിങ്ങും വിളക്കുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളും പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. പണി മുഴുവനായി തീർത്ത് ഫെബ്രുവരി ആദ്യവാരം തന്നെ പാലം ഉദ്ഘാടനത്തിനായി കൈമാറാനാകുമെന്ന് പദ്ധതി മാനേജർ മുഹമ്മദ് സലീം പറഞ്ഞു. രണ്ട് അടിപ്പാതയും അനുബന്ധ റോഡുമടങ്ങുന്ന പാലം 14 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുഭാഗത്തുമായി 230 മീറ്റർ വീതം അനുബന്ധ റോഡും നിർമിച്ചു. കുട്ടിമാക്കൂൽ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ പാലത്തിൽ പ്രവേശിക്കാം. തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡ് പദ്ധതിയുടെ ഭാഗമായാണ് എരഞ്ഞോളി പാലത്തിന് സമാന്തരപാലം നിർമാണം തുടങ്ങിയത്. പ്രവൃത്തി ആരംഭിച്ച ശേഷമാണ് നിർദിഷ്ട ഉൾനാടൻ ജലപാതക്കായി പാലത്തിന്റെ ഉയരം കൂട്ടേണ്ട നിർദേശമുയർന്നത്. ഇതോടെ പ്രവൃത്തി തടസ്സപ്പെട്ടു. എസ്റ്റിമേറ്റും ഘടനയും പുതുക്കിയാണ് പിന്നീട് നിർമാണം പുനരാരംഭിച്ചത്. അനുബന്ധ റോഡ് സ്ഥലമെടുപ്പും കോവിഡ്
മഹാമാരിയും കാലവർഷവുമെല്ലാം ആയതോടെ നിർമാണം അനിശ്ചിതമായി നീണ്ടു.
ദിനേശ് ചന്ദ്ര ആർ. അഗർവാൾ കമ്പനിയാണ് നിർമാണം നടത്തിയത്. നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയതിന്റെ ആശ്വാസത്തിലാണ് ഈ റൂട്ടിലെ നിത്യയാത്രക്കാർ.
തീരാദുരിതത്തിന് അറുതിയാകുന്നു
എരഞ്ഞോളി പാലം നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര മാസമായി ഇതുവഴിയുള്ള ഗതാഗതത്തിൽ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് യാത്രക്കാരെ ഏറെ വലച്ചത്. തലശ്ശേരിയിൽനിന്ന് കൂത്തുപറമ്പിലേക്കുള്ള വാഹനങ്ങൾ സംഗമം കവലയിൽനിന്ന് കുയ്യാലി റെയിൽവേ ഗേറ്റ് കടന്ന് കൊളശ്ശേരി വഴിയാണ് പോകുന്നത്. കൊളശ്ശേരി വഴി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഇവിടെ തലശ്ശേരി -മാഹി ബൈപാസിന്റെ നിർമാണ പ്രവർത്തനവും തടസ്സപ്പെട്ടു. ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചാൽ മാത്രമേ നിർമാണം തുടങ്ങാൻ കഴിയൂ. എരഞ്ഞോളിയിൽ പാലത്തിനു സമീപവും കുയ്യാലി റെയിൽവേ ഗേറ്റിലും ഇപ്പോൾ ഗതാഗതതടസ്സം പതിവാണ്. കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചാൽ കുയ്യാലി മുതൽ തലശ്ശേരി ടൗൺ വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. വൈകുന്നേരങ്ങളിലാണ് യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നത്. തലശ്ശേരിയിൽനിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ പാലം കടക്കാൻ പലപ്പോഴും അരമണിക്കൂർ വരെ കാത്തുനിൽക്കണം. പാലം കടന്നാൽ പിന്നെ മത്സര ഓട്ടമാണ്.
ദീർഘദൂര ബസുകളെ സംബന്ധിച്ചിടത്തോളം വേഗത്തിൽപോയാലേ നിശ്ചിത സമയത്തിനകം എത്താനാകൂ.
വൈകീട്ട് തലശ്ശേരിയിൽനിന്നുള്ള ചില ബസുകൾ പൊന്ന്യംപാലം വഴിയാണ് പോകുന്നത്. ഏതു വാഹനത്തിലായാലും സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ ഈ റൂട്ടിലെ യാത്രക്കാർക്ക് സാധ്യമല്ല. ഇന്ധനം കത്തിത്തീരുന്നത് നോക്കിയിരിക്കാനേ യാത്രക്കാർക്ക് നിർവാഹമുള്ളൂ. പാലം തുറന്നാൽ മാത്രമേ ഇതിന് പരിഹാരമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.