ശൗചാലയങ്ങൾ ക്ലോസ്ഡ്; യാത്രക്കാർ എങ്ങോട്ട് പോകും?
text_fieldsതലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശുചിമുറികൾ അടച്ചിട്ടനിലയിൽ
തലശ്ശേരി: അറ്റകുറ്റപ്പണിയുടെ ഭാഗമായി തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലയങ്ങൾ അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിൽ. പ്രാഥമിക കാര്യങ്ങൾപോലും നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവിടെയെത്തുന്ന യാത്രക്കാർ. മലയോരങ്ങളിൽനിന്നടക്കം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് തലശ്ശേരിയിലേത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലയങ്ങൾ അറ്റകുറ്റപ്പണിക്കായി നാല് ദിവസം മുമ്പാണ് അടച്ചത്. പ്ലാറ്റ്ഫോമിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി മൂന്ന് ശൗചാലയങ്ങളാണുള്ളത്. ഇത് അടച്ചിട്ടതോടെ ദീർഘദൂര യാത്ര കഴിഞ്ഞും മറ്റും സ്റ്റേഷനിലെത്തുന്നവർ വലയുകയാണ്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന എ.സി വെയിറ്റിങ് റൂമിലാണ് മറ്റൊരു ശൗചാലയം. ഇതാകട്ടെ സാധാരണ യാത്രക്കാർക്ക് ഉപയോഗിക്കാനും കഴിയില്ല. ഏതാനും ദിവസങ്ങൾക്കുമുമ്പ് സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം യാത്രക്കാരെത്തുന്ന വഴികളിൽപോലും പരന്നിരുന്നു.
തുടർന്ന് പ്രതിഷേധം ശക്തമായതോടെ ബ്ലീച്ചിങ് പൗഡർ വിതറി താൽക്കാലിക പരിഹാരം കാണുകയായിരുന്നു. പിന്നാലെ ശൗചാലയങ്ങൾ അടച്ചിടുകയും ചെയ്തു. മുൻകാലങ്ങളിൽ നിർമിച്ച ടാങ്കിന്റെ വലുപ്പക്കുറവാണ് അടിക്കടി സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകാൻ കാരണമെന്നും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.