ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് ആൾക്കൂട്ട മർദനം
text_fieldsതലശ്ശേരി: റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിനോട് ഭ്രമം മൂത്ത് ഉടമയോട് ചോദിക്കാതെ ഓടിച്ചുപോയ യുവാവിന് ആൾക്കൂട്ടത്തിന്റെ കനത്ത മർദനം. തലശ്ശേരി ടൗൺ ഹാൾ കവലയിൽ റസ്റ്ററന്റിന് മുന്നിൽ രാത്രിയാണ് സംഭവം. പൊന്നാനി സ്വദേശിയും ചമ്പാട് കാറ്ററിങ് സ്ഥാപനത്തിലെ ജോലിക്കാരനുമായ യുവാവാണ് മർദനത്തിനിരയായത്. റസ്റ്ററന്റിന് മുന്നിൽ നിർത്തിയിട്ട ഡീസൽ ബുള്ളറ്റ് ഉടമയറിയാതെ യുവാവ് ഓടിച്ചുപോവുകയായിരുന്നു.
സ്റ്റാർട്ടാക്കാൻ താക്കോൽ ആവശ്യമില്ലാത്ത ബുള്ളറ്റാണിത്. എരഞ്ഞോളി പാലം വരെ ഓടിച്ചുപോയ ബുള്ളറ്റ് യഥാസ്ഥാനത്ത് തിരിച്ചെത്തിച്ചപ്പോഴാണ് ഉടമയറിയുന്നത്. ട്രയൽ റണ്ണായി ഓടിച്ചു നോക്കിയെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഉടമ ഇത് ചോദ്യം ചെയ്തതോടെ തർക്കമായി.
സംഭവം കണ്ടുനിന്നവരും വഴി പോകുന്നവരെല്ലാം സ്ഥലത്ത് സംഘടിച്ച് യുവാവിനെ ചോദ്യം ചെയ്യാനും പെരുമാറാനും തുടങ്ങി. വിവരമറിഞ്ഞ് 20 മിനിറ്റിന് ശേഷം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്.
ആൾക്കൂട്ട മർദനത്തിനിരയായ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുറച്ച് മുമ്പ് ഇതുപോലൊരു ബുള്ളറ്റിന്റെ സ്റ്റാർട്ടിങ് ട്രബിൾ ശരിയാക്കിയിരുന്നെന്നും അതേ വണ്ടി വഴിയിൽ കണ്ടപ്പോൾ തോന്നിയ ഇഷ്ടം കൊണ്ടാണ് ഓടിച്ചതെന്നും ഇയാൾ പറഞ്ഞു. അടി കൊണ്ടതിൽ ഒരു പരാതിയുമില്ലെന്ന് യുവാവ് വ്യക്തമാക്കിയതോടെ പൊലീസ് ഇയാളെ പറഞ്ഞുവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.