നഗരത്തിൽ യുവാവിന് കുത്തേറ്റ സംഭവം; മൂന്നുപേർ അറസ്റ്റിൽ
text_fieldsമുത്തു
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റുകാൽ വേളാപുരം സ്വദേശി മുത്തു (37), കാസർകോട് ആവിക്കരയിലെ ഫാസില (41), കക്കാട് പള്ളിപ്പുറം ക്വാർട്ടേഴ്സിലെ സഫൂറ (42) എന്നിവരാണ് അറസ്റ്റിലയത്. കുത്താനുപയോഗിച്ച കത്തിയും ഇവരിൽനിന്ന് കണ്ടെടുത്തു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 21ന് രാത്രി പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത്ത് മങ്കാറിനന് (40) കുത്തേറ്റ സംഭവത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി മുത്തുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സ്റ്റേഡിയം പരിസരത്തെ മൾട്ടിലെവൽ കാർ പാർക്കിങ് സ്ഥലത്തുവെച്ചാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്.
മൂന്നംഗ പ്രതികൾ നഗരത്തിലെ സ്ഥിരം പ്രശ്നക്കാരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ പൊലീസ് രാത്രി പട്രോളിങ്ങിനിടെ രഞ്ജിത്തിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
പൊലീസ് വാഹനം കടന്നുപോകുന്നതിനിടെ കിഴക്കേ കവാടത്തിന് സമീപം ഒരാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് യുവാവിന് വയറിന് കുത്തേറ്റതായി കണ്ടത്. ഉടൻ കണ്ണൂർ ഫയർഫോഴ്സിന്റെ വാഹനത്തിൽ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ടൗൺ സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്നിടത്ത് നടന്ന കൊലപാതകശ്രമത്തിൽ പ്രതികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൊലീസ്. അന്നു മുതൽ പൊലീസ് സംഘം പ്രതികൾക്കായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു. എസ്.ഐമാരായ വി.വി. ദീപ്തി, അനുരൂപ്, ക്രൈം സ്ക്വാഡിലെ സി.പി. നാസർ, എം.ഷൈജു, കെ.ബൈജു, റമീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.