പരിസ്ഥിതി മലിനീകരണം; വ്യവസായ പാര്‍ക്കിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍
text_fieldsവ്യവസായ പാര്ക്കിന് തുടക്കംകുറിച്ച നീര്ച്ചാല് മൊളേയാറിലെ സ്ഥലം
ബദിയഡുക്ക: പരിസ്ഥിതിക്ക് കോട്ടംതട്ടുന്നവിധത്തില് പ്രവര്‍ത്തനമാരംഭിച്ച നീര്‍ച്ചാലിലെ വ്യവസായ പാര്‍ക്കിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. നീര്‍ച്ചാലിന് സമീപം മൊളേയാറിലെ കാര്‍ഷികമേഖലയിലെ ജനവാസകേന്ദ്രത്തില്‍ തുടക്കംകുറിച്ച മുണ്ടോള്‍ വ്യവസായ പാര്‍ക്കിനെതിരെയാണ് പ്രതിഷേധം ശക്തമായത്.
നീര്ച്ചാല് വില്ലേജിലെ 182/2, 182 ബേള വില്ലേജിലെ 92/2 എ, 97/2 എ1, 97/2 എ.ബി 2,97/എ1, 97/എ1, 97/1ഡി, 93/1എ, 76/1എ1, 95/ബി 1എ, 183/1 എ2 എന്നീ സർവേ നമ്പറുകളിൽപെട്ട 12 ഏക്കര്‍ സ്ഥലത്താണ് വ്യവസായ പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തി രജിസ്ട്രേഷന് നടപടി പൂര്‍ത്തീകരിച്ചത്. നീര്‍ത്തടം മണ്ണിട്ട് നികത്തിയാണ് വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. വേനല്‍ക്കാലത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍പോലും പരിസരത്തെ മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയിലുള്ള കൃഷിയിടത്തിലേക്ക് ആവശ്യമുള്ള വെള്ളമൊഴുകുന്ന ഓവുചാലാണ് എസ്റ്റേറ്റിന്റെ മറവില്‍ മണ്ണിട്ട് നികത്തി ഇല്ലാതാക്കിയത്.
ഒരുവശത്ത് വെള്ളക്കെട്ട് നികത്തിയും മറ്റൊരുവശത്ത് രാസവസ്തു ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന കെമിക്കല്‍ ഫാക്ടറിയും പ്രകൃതിയെ നശിപ്പിക്കുന്ന മറ്റ് അനുബന്ധ സ്ഥാപനങ്ങളുമാണ് ഇവിടെ തുടങ്ങുന്നതെന്നും ഇത് കാര്‍ഷികമേഖലയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നാണ് ഇവിടത്തെ കര്‍ഷകരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.
ഇതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തിൽ പരിസര സംരക്ഷണസമിതിക്ക് രൂപംനല്കി കലക്ടര്‍, കൃഷിവകുപ്പ്, വ്യവസായവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.