നാരംപാടിയിൽ വൻ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
text_fieldsനാരംപാടിയിൽ തീപിടിത്തത്തിൽ കത്തിയ സ്ഥലം
ബദിയടുക്ക: ചെങ്കള പഞ്ചായത്തിലെ നാരംപാടിയിൽ വൻ തീപിടുത്തം. നാട്ടുകാരും അഗ്നി രക്ഷാസേനയും സമയോചിതമായ ഇടപെടൽ നടത്തിയപ്പോൾ ഒഴിവായത് വൻ ദുരന്തം. വെള്ളിയാഴ്ച വൈകിട്ട് 4:30 ഓടെയാണ് സംഭവം.
കാരമൂലയിലെ കെ.എം. ഇബ്രാഹിം, ബീഫാത്തിമ എന്നിവരുടെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം വരുന്ന സ്ഥലമാണ് കത്തിനശിച്ചത്. കാസർകോട് നിന്ന് ഫയർ ഫോഴ്സ് യൂനിറ്റ് എത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ കത്തിനശിച്ചു. കൂടാതെ രണ്ട് വർഷവും മൂന്ന് വർഷവും പ്രായമായ ആയിരത്തിലധികം മഹാഗണി മരത്തൈകളും കശുമാവിൻ തൈകളും കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മുൻവർഷങ്ങളിലും ഇവിടെ തീപിടുത്തമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മാത്രം മൂന്ന് തവണ തീപിടിത്തമുണ്ടായതിൽ അന്നുതന്നെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന തീപിടിത്തം കരുതിക്കൂട്ടി ഉള്ളതാകാം എന്ന സംശയം ബലപ്പെടുകയാണ്.
കാരണം ആ സമയം അതുവഴി ഒരു വാഹനം വന്നു പോകുന്ന ശബ്ദം പരിസരവാസികൾ കേട്ടിരുന്നു.
നിരന്തരം വാഹനം കടന്നു പോകാത്ത റോഡിൽ തീപിടിത്തമുണ്ടായ സമയം വന്നുപോയ വാഹനം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പരിസരത്തുള്ള വീടുകളിലേക്കും മറ്റു കൃഷി ഭൂമിയിലേക്കും തീ പടരാതിരിക്കാൻ നാട്ടുകാരും ഫയർ റസ്ക്യൂ വിഭാഗവും പരിശ്രമിച്ചു.
കാസർകോട് അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ഓഫിസറായ സുകുവിന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ പ്രജിത്ത്, അജീഷ്, സതീഷ്, എൽബി, അനുശ്രീ, കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന 20 ഏക്കറോളം വരുന്ന സ്ഥലം കത്തിനശിച്ചിരുന്നു.
കോഴി ഫാമിനോട് ചേർന്ന് ചുറ്റുമുള്ള പ്രദേശമാണ് കത്തിനശിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ചേർന്നാണ് തീ അണച്ചത്. ആ സംഭവത്തിലും സംശയം ബലപ്പെടുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.