നേന്ത്രപ്പഴ വില കുറയുന്നില്ല
text_fieldsചെറുവത്തൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെ നേന്ത്രപ്പഴ വില സർവകാല റെക്കോഡിലേക്ക്. കിലോക്ക് 50നും 60നും ഇടയില്‍ ലഭിച്ചിരുന്ന നേന്ത്രപ്പഴം ഇപ്പോള്‍ 80 മുതല്‍ 90 വരെയാണ് പൊതുവിപണിയിലെ വില.
നാട്ടിൻപുറങ്ങളിലെ ചിലയിടങ്ങളില്‍ കർഷകർ നേരിട്ടെത്തിക്കുന്ന നേന്ത്രപ്പഴം കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നുണ്ട്. കനത്ത മഴയിലും കാറ്റിലും വൻ കൃഷി നാശം സംഭവിച്ചതിൽ ഭൂരിഭാഗവും നേന്ത്ര വാഴകളായിരുന്നു. കൃഷിയിടങ്ങളില്‍ വിളവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന പഴങ്ങളാണ് ലഭിക്കുന്നതിൽ ഏറെയും. നാടൻ പഴങ്ങള്‍ എത്താത്തതും വിപണി വില വർധിക്കുന്നതിന് കാരണമാകുന്നു. ഇതിനൊപ്പം ഇതര പഴവർഗങ്ങളുടെയും വില വർധിച്ചിട്ടുണ്ട്.
അടുത്ത മാസം ആരംഭിക്കുന്ന റമദാൻ വിപണി ലക്ഷ്യമിട്ടാണ് പഴവർഗങ്ങളുടെ വില കൂടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൊത്ത വിപണിയില്‍ നേന്ത്രപ്പഴത്തിന് 60 മുതല്‍ 70 രൂപവരെയാണ് കിലോക്ക് വില. കദളിപ്പഴത്തിനും വില വർധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോ 60 രൂപക്കാണ് ലഭിക്കുന്നത്. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം-പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. 2023 ൽ ഇതേ കാലയളവില്‍ നേന്ത്രപ്പഴത്തിന് 70 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഓണ വിപണിയില്‍ കിലോക്ക് 60 മുതൽ 65 രൂപ നിരക്കില്‍ പഴം ലഭിച്ചിരുന്നു. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി ജില്ലകളില്‍നിന്നും കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളില്‍ നിന്നുമാണ്.
ഇവിടങ്ങളിലും ഉൽപാദനത്തിൽ ഇടിവ് സംഭവിച്ചതോടെ പഴങ്ങളെത്തുന്നില്ല. ഇതാണ് വില വർധനക്കിടയാക്കിയതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. നേന്ത്രപ്പഴത്തിന്റെ വില കൂടിയതോടെ ചിപ്സ് ഉള്‍പ്പെടെ അനുബന്ധ ഉൽപന്നങ്ങള്ക്കും വില വർധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.