ഹെൽത്ത് സെന്‍ററിലേക്കുള്ള റോഡ് പ്രശ്നം പരിഹരിച്ച് ജമാഅത്ത് കമ്മിറ്റി
text_fieldsറോഡിന്റെ പ്രശ്നം പരിഹരിച്ച ജമാഅത്ത് കമ്മിറ്റി പ്രവർത്തകർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം
ചെറുവത്തൂർ: ഹെൽത്ത് സെന്‍ററിലേക്കുള്ള റോഡിന്റെ പ്രശ്നം പരിഹരിച്ച് ജമാഅത്ത് കമ്മിറ്റി. സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ കൈതക്കാട് പ്രവർത്തിച്ചുവരുന്ന ജനകീയാരോഗ്യ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് എത്തിച്ചേരുന്നതിന് നിലവിൽ നാമമാത്രമായ വഴിമാത്രമാണ് ഉണ്ടായിരുന്നത്. ഇതുമൂലം ജനകീയാരോഗ്യകേന്ദ്രം വഴി ലഭിക്കുന്ന ഗർഭിണികളുടെയും കുട്ടികളുടെയും കുത്തിവെപ്പ്, പ്രസവാനുകൂല്യം, വികലാംഗ പെൻഷൻ അന്വേഷണം, ജീവിതശൈലീരോഗ നിർണയ ക്ലിനിക്കുകൾ, ഇ-സഞ്ജീവനി കൺസൽട്ടേഷൻ (രോഗികൾക്ക് ഡോക്ടർമാരുമായി ഓൺലൈനായി കൺസൽട്ട് ചെയ്യാനുള്ള സംവിധാനം), പകർച്ചവ്യാധി പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾക്കായി എത്തുന്നവർ ഏറെ പ്രയാസം നേരിടുകയാണ്.
കേന്ദ്ര മാനദണ്ഡപ്രകാരവും ആരോഗ്യവകുപ്പ് മാനദണ്ഡപ്രകാരവും ആരോഗ്യസ്ഥാപനങ്ങൾ വികലാംഗ സൗഹൃദപരമായിരിക്കണമെന്ന് നിർദേശവുമുണ്ട്. ദീർഘകാലമായി ആരോഗ്യവകുപ്പിന്റെ പ്രധാന ആവശ്യമായിരുന്നു സ്ഥാപനത്തിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തുകയെന്നത്.
കേന്ദ്രസംഘം ചെറുവത്തൂർ സാമൂഹികാരോഗ്യകേന്ദ്രവും കൈതക്കാട് ജനകീയാരോഗ്യകേന്ദ്രവും ഈമാസം 18ന് സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ റോഡ് പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കാൻ സഹായിക്കണമെന്ന് ചെറുവത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മധു സമീപത്തെ സ്ഥലമുടമകളായ കൈതക്കാട് തർബിയത്തുൽ ഇസ് ലാം ജമാഅത്ത് കമ്മിറ്റിക്ക് കത്ത് നല്കിയിരുന്നു. ജമാഅത്ത് അനുഭാവപൂർണമായ നിലപാടെടുക്കുകയും റോഡ് സൗകര്യം അനുവദിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ദീർഘകാല ആവശ്യത്തിനാണ് ഇതോടുകൂടി പരിഹാരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

