പിലിക്കോട് ഇനി ഹരിതം...
text_fieldsപിലിക്കോട് പഞ്ചായത്തിലെ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചപ്പോൾ
ചെറുവത്തൂർ: ‘മാലിന്യ മുക്തം നവകേരളം’ ജനകീയ കാമ്പയിനിന്റെ ഭാഗമായി പിലിക്കോട് പഞ്ചായത്തിലെ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജൈവമാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ, അജൈവ മാലിന്യശേഖരണത്തിന് ബിന്നുകൾ സ്ഥാപിക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, സൗന്ദര്യവത്കരണം, ഹരിത നിയമങ്ങൾ പാലിക്കൽ, ശുചിത്വ പ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്തത്. പിലിക്കോട് പഞ്ചായത്തിൽ 13 സർക്കാർ ഓഫിസുകൾ, മൂന്ന് ധനകാര്യ സ്ഥാപനങ്ങൾ, ഒരു പൊതുമേഖലാ സ്ഥാപനം, ഏഴു സഹകരണ സ്ഥാപനങ്ങൾ, ആറു സർക്കാർ ആശുപത്രികൾ, അഞ്ചു കമ്യൂണിറ്റി ഹാളുകൾ, ഒരു സ്വയംഭരണ സ്ഥാപനം എന്നിങ്ങനെ 36 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പഞ്ചായത്തിലെ 36 സ്ഥാപനങ്ങളിൽ ഒമ്പതു സ്ഥാപനങ്ങൾ എ പ്ലസ് ഗ്രേഡും 27 സ്ഥാപനങ്ങൾ എ ഗ്രേഡും കരസ്ഥമാക്കി. എല്ലാ സ്ഥാപനങ്ങളും എ പ്ലസ്, എ ഗ്രേഡ് നേടിയ സാഹചര്യത്തിലാണ് പഞ്ചായത്തുതല ഹരിത സ്ഥാപനം പ്രഖ്യാപനം നടത്തുന്നത്.
നിലവിലെ നേട്ടങ്ങൾ നിലനിർത്തിപ്പോകുന്നതിനും എല്ലാ സ്ഥാപനങ്ങളെയും എ പ്ലസ് നിലവാരത്തിൽ എത്തിക്കുന്നതിനുമുള്ള പ്രോജക്ടുകൾ തദ്ദേശ തലത്തിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി സർക്കാർ ഓഫിസുകൾ ഉൾപ്പെടെ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
ഹരിത നിർദേശക ബോർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഭരണസമിതിയംഗം രവീന്ദ്രൻ മാണിയാട്ട് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ പി.വി. ദേവരാജൻ ഹരിത സ്ഥാപനം പ്രഖ്യാപന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതിയംഗം പി. അജിത, അസി. സെക്രട്ടറി കെ.എൻ. സുശീല, വി. പ്രദീപ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.