പഠനം ഇനി ഏറുമാടത്തിൽ
text_fieldsചന്തേര ഇസ്സത്തുൽ ഇസ് ലാം എ.എൽ.പി സ്കൂളിലെ കുട്ടികൾ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഏറുമാടം സന്ദർശിക്കുന്നു
ചെറുവത്തൂർ: പാഠപുസ്തകത്തിൽ പഠിച്ച ഏറുമാടത്തിന്റെ നേരനുഭവത്തിനായി കുട്ടികൾ ഏറുമാടം കയറി. ചന്തേര ഇസ്സത്തുൽ ഇസ് ലാം എ.എൽ.പി സ്കൂളിലെ കുട്ടികളാണ് ഏറുമാടത്തിൽ പഠിക്കാൻ കയറിയത്. രണ്ടാം തരത്തിലെ പറക്കും വീട് എന്ന പാഠഭാഗത്തിൽ പഠിക്കാനുള്ള വിവിധതരം വീടുകൾ തേടിയുള്ള യാത്രയുടെ ഭാഗമായാണ് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ ഏറുമാടം സന്ദർശനം.
പുളിമരത്തിന്റെ മുകളിൽ താൽക്കാലികമായി തയാറാക്കിയ ഈ ചെറുവീട്ടിൽ രണ്ടാം തരക്കാർ ഏറെ നേരമിരുന്നു. ഉറപ്പുള്ള ശിഖരത്തിൽ പണിത ഈ ഏറുമാടത്തിലിരുന്ന് അവർ പാഠഭാഗം പലതവണ വായിച്ചു. ഈറ്റ, മുള, വൈക്കോൽ, പുല്ല്, കാട്ടുവള്ളികൾ എന്നിവയാൽ നിർമിക്കുന്ന ഏറുമാടങ്ങൾ കൂടുതലായും കാട്ടിൽ വസിക്കുന്നവരാണ് ഉപയോഗിക്കുന്നത്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിലെ ടി.എസ്. തിരുമുമ്പ് പഠനകേന്ദ്രത്തിന് സമീപം ഏറുമാടം നിർമിച്ചിട്ടുള്ളത്. പ്രധാനാധ്യാപിക കെ.ആർ. ഹേമലത, പി. ബാലചന്ദ്രൻ, കെ.പി. റൈഹാനത്ത്, ചൈതന്യ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

