നിർമാണ മേഖല പ്രതിസന്ധിയിലേക്ക്; ചെങ്കല്ലിന് വില ഉയരുന്നു
text_fieldsചെറുവത്തൂർ: നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിനിടയില്‍ നേരിയ ആശ്വാസമായിരുന്ന ചെങ്കല്ലിനും വില ഉയരുന്നു. ചെങ്കല്‍ പണകളില്നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഒന്നാം നമ്പർ കല്ലിന് ഇനി 30 മുതല്‍ 34 രൂപ വരെ നല്‍കേണ്ടിവരും. രണ്ടാം നമ്പർ കല്ലിന് 26 മുതല്‍ 31 രൂപ വരെയാകും. ഒരു കല്ലിന് ശരാശരി മൂന്ന് രൂപയുടെ അധിക ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് വരുന്നത്. ചെങ്കല്‍ ഉൽപാദക ഉടമസ്ഥ ക്ഷേമ സംഘമാണ് കല്ലിന്റെ വില കൂട്ടി നിശ്ചയിച്ചത്.
2018ല്‍ തന്നെ വിലവർധന നടപ്പാക്കിയിരുന്നതായും അത് കോവിഡ് കാലത്ത് വീണ്ടും കുറച്ചതായിരുന്നുവെന്നുമാണ് സംഘടനയുടെ വിശദീകരണം. കല്ലിന്റെ വില കൂട്ടിയതിനൊപ്പം തൊഴിലാളികളുടെ വേതനത്തിലും 10 ശതമാനം വർധന അനുവദിച്ചു. ലോഡിങ് തൊഴിലാളികള്‍ക്ക് ഒരു കല്ലിന് രണ്ടര രൂപ കിട്ടിയിരുന്നത് ഇനി 2.75 രൂപയാകും. വണ്ടി ഉടമകള്‍ ചെങ്കല്‍ പണകളില്നിന്ന് കല്ലെടുക്കുമ്പോള്‍ ഒന്നാംനമ്പർ കല്ലിന് 20 രൂപയും രണ്ടാം നമ്പറിന് 17 രൂപയും നല്‍കണമെന്നാണ് നിർദേശം.
എന്നാല്‍ വണ്ടി ഉടമകളുടെ സമ്മർദത്തെ തുടർന്ന് ചിലയിടങ്ങളില്‍ 50 പൈസ കുറച്ചിട്ടുണ്ട്. വിലയുമായി ബന്ധപ്പെട്ട തർക്കങ്ങളെതുടർന്ന് മിക്കയിടങ്ങളിലും വണ്ടി ഉടമകള്‍ പണകളില്നിന്ന് കല്ലെടുക്കുന്നത് നിർത്തിവെച്ചു. ചെങ്കല്‍ പണകളുടെ നടത്തിപ്പുകാർ സ്വന്തം വാഹനങ്ങളില്‍ കല്ല് കൊണ്ടുപോകുന്നതിനെ ഇവർ തടയാൻ ശ്രമിച്ചത് ചിലയിടങ്ങളില്‍ സംഘർഷത്തിനും ഇടയാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.