ദുരന്തങ്ങൾ ആവർത്തിക്കുന്നു; സബ് കലക്ടർ കസേര ഒഴിഞ്ഞുതന്നെ
text_fieldsകാഞ്ഞങ്ങാട്: കാലവർഷത്തിലടക്കം ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ കാഞ്ഞങ്ങാട്ട് സബ് കലക്ടറുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. മൂന്നു മാസമായി സബ് കലക്ടറുടെ ചുമതലയിൽ ആളില്ല. കാസർകോട് ആർ.ഡി.ഒക്ക് അധികചുമതല നൽകിയിരിക്കുകയാണിപ്പോൾ. സബ് കലക്ടറായിരുന്ന പ്രതീക് ജെയിൻ സ്ഥലം മാറിപ്പോയിട്ട് പകരം ആരെയും നിയമിച്ചിട്ടില്ല. വീരമലക്കുന്ന് മണ്ണിടിച്ചിലടക്കം ദുരന്തം പതിവാകുമ്പോഴാണ് ഈ അനാസ്ഥ.
അദ്ദേഹം സ്ഥലംമാറിയതിന് പിന്നാലെ കാസർകോട് എൻഡോസൾഫാൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ലിപു എസ്. ലോറൻസിന് ചുമതല നൽകി. അദ്ദേഹം ചാർജെടുത്ത് രണ്ടാഴ്ചക്കകം മാറ്റി. തുടർന്ന് കാസർകോട് ആർ.ഡി.ഒ ബിനു ജോസഫിന് കാഞ്ഞങ്ങാടിന്റെ ചുമതലകൂടി നൽകി. ഇതോടെ രണ്ടിടങ്ങളിലെയും പ്രവർത്തനങ്ങളെ ബാധിച്ചു. ഹിയറിങ്ങുകളടക്കം ഒരേസമയത്താണ് നടക്കുന്നതെന്നതിനാൽ പ്രതിസന്ധിയായി. ഓഫിസ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. ആർ.ഡി.ഒ കോടതികളിലെത്തേണ്ട കേസുകൾ മാറ്റിവെക്കേണ്ടിവരുകയാണ്. ഇത് കക്ഷികൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തേണ്ടിയിരുന്നത് സബ് കലക്ടറായിരുന്നു. ഇത്തരം ദുരന്തമുണ്ടാകുമ്പോൾ നടപടിക്ക് മുൻപന്തിയിൽ നിൽക്കേണ്ടത് സബ് കലക്ടറാണ്. ആറുമാസത്തെ സേവനത്തിനുശേഷമാണ് പ്രതീക് ജെയിൻ ഗുജറാത്ത് കേഡറിലേക്ക് മാറിപ്പോയത്. പുതിയ ബാച്ച് വന്നാൽ മാത്രമേ ഇനി കാഞ്ഞങ്ങാട്ട് സബ് കലക്ടർ എത്തുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.