മുൻ എം.എൽ.എ എം. നാരായണന്റെ ജീവിതം വൈറലാക്കിയ യാത്ര
text_fieldsഎം. നാരായണൻ
കാഞ്ഞങ്ങാട്: നിസ്വർഥനായ കമ്യൂണിസ്റ്റിന്റെ ജീവിതം അടയാളപ്പെടുത്തിയാണ് എം. നാരായണൻ യാത്രയാകുന്നത്. ഒരു സൈക്കിൾപോലും സ്വന്തമായില്ലാതെ കെ.എസ്.ആർ.ടി.സി പാസിൽ യാത്ര ചെയ്ത എം.എൽ.എ നാരായണന്റെ ജീവിതമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇങ്ങനെയും ഇക്കാലത്ത് എം.എൽ.എമാരുണ്ടോയെന്ന ചോദ്യമാണ് കാഞ്ഞങ്ങാട് പൊതുദർശന വേളയിൽ ഉയർന്നത്.
‘1991ൽ ആദ്യതവണ നിയമസഭയിലേക്ക് വോട്ട് എണ്ണുമ്പോൾ ഞാൻ ആയിരുന്നു കൂടെ ഉണ്ടായത്. പോസ്റ്റൽ ബാലറ്റ് എണ്ണി വിജയം പ്രഖ്യാപിച്ച് ആഹ്ലാദ പ്രകടനം നടത്തി വീട്ടിലേക്ക് എത്തിയപ്പോൾ കാറ്റിലും മഴയിലും നാരായണന്റെ കൊച്ചു കൂര തകർന്നിരുന്നു’ -എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു.
ഇതിന്റെ തുടർച്ച നാരായണന്റെ അടുത്ത സുഹൃത്തും ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ ബന്ധുവുമായ എം.വി. സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം: കാക്കി കുപ്പായമണിഞ്ഞ് നീലേശ്വരം തപാലാപ്പീസിൽ നാരായണൻ കത്തുകൾക്ക് മേൽ സീൽ പതിച്ചു കൊണ്ടിരിക്കെയാണ് പാർട്ടിയുടെ ദൂതുമായി പി.എ. നായർ എത്തുന്നത്.
‘ഹൊസ്ദുർഗിൽ സ്ഥാനാർഥിയായി നാരായണനെ നിർത്താനാണ് പാർട്ടി തീരുമാനം. ഇപ്പോൾ തന്നെ ജോലി രാജിവെക്കണം, ഇന്നുതന്നെ പ്രചാരണത്തിനിറങ്ങണം’- പാർട്ടി തീരുമാനം പി.എ. നായർ വിശദീകരിച്ചു. കാക്കി മാറ്റിയുടുക്കാൻ തൂവെള്ള മുണ്ടും ഷർട്ടുമായി മറ്റൊരു സഖാവെത്തി.
നാരായണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. നാട്ടിൽ ഗംഭീര സ്വീകരണം. കോരിച്ചൊരിയുന്ന മഴ. ഒരു സഖാവ് വന്നുപറഞ്ഞു: ‘വീട് കാറ്റിലും മഴയിലും തകർന്നു. ഭാര്യയെയും മക്കളെയും മറ്റൊരുവീട്ടിൽ സുരക്ഷിതരായി താമസിപ്പിച്ചിട്ടുണ്ട്’. ഇടവഴിയിലൂടെ നടന്ന് വീട്ടുമുറ്റത്തെത്തി. ഏറെനേരം നോക്കിനിന്നു. വീടിന്റെ ചായ്പിന്റെ ഒരു ഭാഗം മുളകുത്തിനിർത്തി ഉയർത്തി. അന്ന് ആ ചായ്പിനുള്ളിൽ കിടന്നുറങ്ങി നിയുക്ത എം.എൽ.എ.
രണ്ടുതവണയായി 10 വർഷം എം.എൽ.എയായിരുന്നു. കിടപ്പാടം വിറ്റു. വീടു വിറ്റു. കയറികിടക്കാൻ രണ്ടുമുറി വീട് പണിതു. അതും കടക്കെണിയിലായി. ജപ്തി നോട്ടീസ് ചുമരിൽ. വാർത്തയായി പഞ്ചാബിൽ ജോലി ചെയ്തിരുന്ന മലയാളിയായ സഖാവ് വായ്പ തുക 1,85,000 രൂപ അടച്ചു. ജപ്തി ഒഴിവാക്കി. ആറടി മണ്ണ് മാത്രമേ ആവശ്യമുള്ളുവെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. അന്ത്യനിദ്രക്കായി ഇനി മണ്ണിലേക്ക് മടങ്ങുന്നു. ഇങ്ങനെ നാരായണൻ വലിയ സന്ദേശം നൽകി ജീവിതം വൈറലാക്കിയാണ് യാത്രയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.