വീട്ടുകാർ അകത്തിരിക്കെ കവർച്ചസംഘം വീട്ടിൽ
text_fieldsപുല്ലൂരിൽ വീട്ടിൽ കയറിയ കവർച്ചക്കാർ കാമറയിൽ
കാഞ്ഞങ്ങാട്: വീട്ടുകാർ അകത്തിരിക്കെ വാതിൽ തകർത്ത് മോഷ്ടാക്കൾ വീടിനകത്ത് കയറി. ആയുധങ്ങളുമായി വീട്ടിനകത്ത് കവർച്ചക്കാരെ കണ്ട സ്ത്രീകൾ നിലവിളിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിന് പുല്ലൂരിലാണ് രണ്ടംഗ സംഘം വാതിൽ തകർത്ത് അകത്തുകടന്നത്. പ്രതികളുടെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പുല്ലൂർ പടിഞ്ഞാറേ വീട്ടിൽ പത്മനാഭന്റെ ദേശീയപാതക്കരികിലെ വീട്ടിലാണ് കവർച്ചക്കാർ കയറിയത്.
വീടിന്റെ വാതിലിനു പുറമെ ഗ്രിൽസും തകർത്തായിരുന്നു അകത്ത് കയറിയത്. പത്മനാഭൻ കാഞ്ഞങ്ങാട്ടേക്ക് വന്നതായിരുന്നു. ഇരുനില വീടിന്റെ മുകൾനിലയിലായിരുന്ന ഭാര്യ താഴേക്ക് ഇറങ്ങിവന്നപ്പോൾ മേശവലിപ്പ് ആയുധം ഉപയോഗിച്ച് തകർക്കുന്ന മോഷ്ടാക്കളെയാണ് കണ്ടത്. സ്ത്രീ നിലവിളിച്ചതോടെ കവർച്ചസംഘം ഇറങ്ങിയോടി. ഹെൽമറ്റും കൈയുറകളും പ്രതികൾ ധരിച്ചിരുന്നു. ആളുകൾ ഉറങ്ങും മുമ്പേ വീട് കവർച്ചക്കെത്തിയത് പ്രഫഷനൽ സംഘമാകാമെന്നാണ് പൊലീസ് നിഗമനം. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉദുമയിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.
വീട്ടുകാർ കാസർകോട് ആശുപത്രിയിൽ പോയി രാത്രി ഒമ്പതോടെ മടങ്ങിയെത്തിയപ്പോഴാണ് അന്ന് മോഷ്ടാവിനെ വീട്ടിനുള്ളിൽ കണ്ടത്. മോഷ്ടാവ് കടന്നുകളഞ്ഞെങ്കിലും പ്രതി എത്തിയ ബൈക്ക് പരിസരത്ത് കണ്ടെത്തിയിരുന്നു. മേൽപറമ്പ് പൊലീസ് വീട്ടുകാരുടെ പരാതിയിൽ കേസെടുത്തിരുന്നു.
എന്നാൽ, പ്രതിയെ പിടികൂടാനായിട്ടില്ല. ഇത്തരം മോഷണങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. വീട് കേന്ദ്രീകരിച്ച് കവർച്ചക്കെത്തുന്ന സംഘം മുന്നിൽപെടുന്ന സ്ത്രീകളെയും കുട്ടികളെയും അപായപ്പെടുത്താനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിൽ വീട് കേന്ദ്രീകരിച്ച് കവർച്ച നടന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.