തീർഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോൾ വീട്ടിനകത്ത് കള്ളന്മാർ
text_fieldsവീടിനകത്ത് മോഷണം നടന്നനിലയിൽ
കാഞ്ഞങ്ങാട്: വീട്ടുകാർ തീർഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോൾ കണ്ടത് വീട്ടിനകത്ത് കള്ളന്മാർ. വീട്ടുകാരെ കണ്ട മോഷ്ടാക്കൾ സ്വർണവും പണവുമായി അടുക്കളവാതിലിലൂടെ ഇറങ്ങിയോടി. ഞായറാഴ്ച പുലർച്ചെ രണ്ടിന് പള്ളിക്കരയിലാണ് സംഭവം. കുറച്ചിക്കാട് ബേക്കൽ കടവത്തെ അബ്ദുറഹ്മാൻ പാലത്തിൻ മീത്തെയുടെ വീട്ടിലായിരുന്നു കവർച്ച. ഇരുനില വീടിന്റെ താഴത്തെ മുറികളിൽ സാധനങ്ങൾ വാരിവലിച്ചിട്ട് തിരഞ്ഞ നിലയിലാണ്. അലമാരയടക്കം കുത്തിത്തുറന്ന് രണ്ട് ഗ്രാം സ്വർണക്കമ്മൽ, 15,000 രൂപ, 500 ദിർഹം എന്നിവ മോഷ്ടാക്കൾ കൊണ്ടുപോയി. 55,000 രൂപയുടെ നഷ്ടമുണ്ട്.
മുകൾനിലയിൽ മോഷ്ടാക്കൾ കയറും മുമ്പ് വീട്ടുകാരെത്തിയതിനാൽ കൂടുതൽ നഷ്ടം ഒഴിവായി. പിറകുവശത്തെ ഗ്രില്ലും വാതിലും പൊളിച്ചാണ് കവർച്ചക്കാർ അകത്തുകയറിയത്. ശനിയാഴ്ച രാവിലെ ഏഴിന് കോഴിക്കോട്ടേക്ക് തീർഥാടനത്തിന് പോയതാണ് കുടുംബം. ഇതറിവുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് സംശയം. റോഡിൽനിന്ന് കാർ വീട്ടുമുറ്റത്തേക്ക് തിരിക്കുന്നസമയം വീട്ടിനുള്ളിൽ വെളിച്ചം കണ്ടിരുന്നു.
വീട്ടിനുള്ളിൽ കള്ളന്മാരെന്ന് തിരിച്ചറിഞ്ഞ കുടുംബം അപ്പോൾതന്നെ പൊലീസിനെ വിളിച്ചു. എന്നാൽ, കാറിന്റെ വെളിച്ചം കണ്ടയുടൻ കള്ളന്മാർ അടുക്കളവാതിലിലൂടെ കടന്നുകളയുകയായിരുന്നു.എസ്. ഐ മനോജ് കുമാർ കൊട്രച്ചാലിന്റെ നേതൃത്വത്തിൽ പൊലീസ് പരിസരപ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനിലും പുലർച്ചെ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. സി.സി.ടി.വി കാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. ബേക്കൽ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.