ഉത്രാടപ്പാച്ചിലിലമർന്ന് നാട്; ഓണത്തിരക്കിനൊപ്പം നബിദിന തിരക്കും
text_fieldsകാഞ്ഞങ്ങാട് നഗരത്തിലെ തിരക്ക്
കാഞ്ഞങ്ങാട്: തിരുവോണത്തിന്റെ അവസാന ഒരുക്കം വ്യാഴാഴ്ചയിലെ ഉത്രാടപ്പാച്ചിലിലായിരുന്നു. പൂക്കളും പച്ചക്കറികളും വാങ്ങാനുള്ള തിരക്കിലമർന്ന ഓട്ടപ്പാച്ചിൽ. വസ്ത്രങ്ങളും ചെരിപ്പുകളും വാങ്ങാൻ അവശേഷിച്ചവരും വ്യാഴാഴ്ച ഓട്ടപ്പാച്ചിലിലായി. ഓണത്തിരക്കിനൊപ്പം നബിദിന തിരക്കുമുണ്ട്. ഓണത്തിന് വർണപ്പൂക്കളങ്ങളൊരുക്കാൻ ആളുകൾ പൂക്കൾ തേടി കാഞ്ഞങ്ങാടാണെത്തുന്നത്. പ്രധാനമായും മറുനാടൻ പൂക്കളുമായി വിൽപനക്കാർ കൂട്ടത്തോടെയെത്തുന്നതും കാഞ്ഞങ്ങാട്ടാണ്. കർണാടകയിൽനിന്നുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള വിൽപന സംഘം മൂന്നുദിവസം മുമ്പെ നഗരത്തിലെത്തി.
മൈസൂരു, ഗുണ്ടൽപേട്ട്, ചാമരാജനഗർ, ബന്ദിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് നൂറിലേറെ സംഘം നഗരത്തിലെത്തിയത്. ബസ് സ്റ്റാൻഡ് അടച്ചിട്ടതിനെതുടർന്നുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡരികിൽ പൂ വിൽപന നടത്താറുണ്ടായിരുന്ന ഇവർക്ക് നിർമാണം പൂർത്തിയായി തുറക്കാതെ കിടക്കുന്ന ബസ് സ്റ്റാൻഡാണ് കച്ചവടത്തിന് അധികൃതർ നൽകിയത്.
വിവിധ വർണങ്ങളിലുള്ള ചെണ്ടുമല്ലി, ജമന്തി, റോസ, അരളി തുടങ്ങിയ പൂക്കളാണ് കർണാടകയിൽനിന്നുള്ള സംഘം വിൽപന നടത്തുന്നത്. കിലോക്ക് 100 മുതൽ 120 രൂപവരെ വിലക്കാണ് വിൽക്കുന്നത്. രണ്ടുദിവസം മുമ്പ് ചില്ലറ വിൽപനക്കാർ കിലോക്ക് 200 മുതൽ 250 വരെ രൂപക്ക് വിറ്റ പൂക്കളാണ് 100 രൂപക്ക് വിൽക്കുന്നത്.
മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും നഗരത്തിൽ നല്ല തിരക്കാണനുഭവപ്പെട്ടത്. കടകളിലും വലിയ തിരക്കുണ്ടായിരുന്നു. പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക പന്തലൊരുക്കിയും വിൽപന തകൃതിയായി നടന്നു. നഗരത്തിൽ സപ്ലൈകോയുടെ ഓണച്ചന്തയുമുണ്ട്. പെട്രോൾ പമ്പിന് സമീപത്തെ കെട്ടിട സമുച്ചയത്തോട് ചേർന്നാണ് മേള നടത്തുന്നത്. ഖാദി വസ്ത്ര വിൽപന കേന്ദ്രങ്ങളിലും വലിയ തിരക്കുതന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.