മാവേലി പൊറുക്കില്ല ഈ കൊടുംവില; ഓണമെത്തുംമുമ്പേ കുതിച്ചുകയറി പച്ചക്കറിവില
text_fieldsകാഞ്ഞങ്ങാട് നഗരത്തിലെ പച്ചക്കറി, പഴം കടയിൽനിന്ന്
കാഞ്ഞങ്ങാട്: മുമ്പുണ്ടാകാത്തവിധം വിപണയിൽ പച്ചക്കറിവില കുതിച്ചുകയറി. ഓണമെത്തും മുമ്പേയുണ്ടായ പച്ചക്കറികളുടെ വിലവർധന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമായി. ഓണ സീസണാകുമ്പോൾ വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് പച്ചക്കറിവ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽനിന്നുമാണ് പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറികളെത്തുന്നത്. കർണാടകയിൽനിന്നും പച്ചക്കറി വരുന്നുണ്ട്. കാലവർഷം ശക്തമായതാണ് പച്ചക്കറിവില കുതിക്കാൻ കാരണമെന്നാണ് ഇടനിലക്കാർ പറയുന്നത്.
വിപണിയിൽ സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടാകാതെവന്നതോടെ വില എപ്പോൾ വേണമെങ്കിലും എത്രയും വർധിപ്പിക്കാമെന്ന സ്ഥിതിയായി. രണ്ടാഴ്ച മുമ്പുവരെ 20 രൂപയുണ്ടായിരുന്ന തക്കാളിവില 40 രൂപയിലെത്തി. കക്കിരിവില 20ൽനിന്ന് 40 രൂപയായി. വിവിധ തരം ചെറുപഴത്തിന് കാഞ്ഞങ്ങാട് വില 90 രൂപയാണ്. 50, 60 രൂപയായിരുന്നു കഴിഞ്ഞദിവസംവരെ വില. വെള്ളരിവിലയും കുതിച്ചുകയറി. 20 രൂപക്കുവരെ കിട്ടിയിരുന്ന വെള്ളരി വില 80ലെത്തി. ഉരുളക്കിഴങ്ങിന് അഞ്ചു രൂപ വർധിച്ച് 30 ആയി. വെണ്ടക്ക 70, കാബേജ് 40, മുരിങ്ങ 80, കോവക്ക 70, വഴുതിന 40, ബീറ്റ്റൂട്ട് 40, പച്ചമുളക് 100, ചേന 74, നേന്ത്രവാഴപ്പഴം 65 എന്നിങ്ങനെ വില വർധിച്ചിരിക്കുകയാണ്. കാരറ്റിനും പയറിനും 90 രൂപയായിട്ടുണ്ട്.
പച്ചക്കറിക്ക് പുറമെ പഴവർഗങ്ങൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. വരുംദിവസങ്ങളിലും വില വർധിക്കുമെന്നാണ് വിപണി നൽകുന്ന സൂചന. അവശ്യസാധനങ്ങൾക്ക് വില ഉയർന്നതോടെ ഹോട്ടലുകളിൽ ഊണിന് ഉൾപ്പെടെ വില വർധിപ്പിച്ചിട്ടുണ്ട്.
പരിശോധിക്കും -സപ്ലൈ ഓഫിസർ
കാഞ്ഞങ്ങാട്: പച്ചക്കറി വിലവർധന പരിശോധിക്കുമെന്ന് സപ്ലൈ ഓഫിസർ. കടകളിലെ വില ഏകീകരണവും പരിശോധിക്കും. വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. ഹോട്ടലുകളിൽ ഊണിനുൾപ്പെടെ പലതരം വിലകൾ ഈടാക്കിയാൽ നടപടിയുണ്ടാകും.
ഓണം മുൻനിർത്തി പരിശോധന വ്യാപകമാക്കും. താലൂക്ക് സപ്ലൈ ഓഫിസർമാർക്കും റേഷനിങ് ഇൻസ്പെക്ടർമാർക്കും പരിശോധനക്ക് നിർദേശം നൽകുമെന്നും ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.