ആരോഗ്യം ക്ഷയിച്ച് കുമ്പള സി.എച്ച്.സി; നവീകരണത്തിന് പദ്ധതി നിർദേശം സമർപ്പിച്ചിട്ടും നടപടിയില്ല
text_fieldsഅവഗണന നേരിടുന്ന കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം
മൊഗ്രാൽ: അറുപത് വർഷത്തിലേറെ പഴക്കമുള്ള കുമ്പള സാമൂഹികാരോഗ്യകേന്ദ്രം നവീകരണത്തിന് ജില്ല ആരോഗ്യവകുപ്പ് പദ്ധതിക്കായി സർക്കാറിന് പദ്ധതി നിർദേശം സമർപ്പിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ.
സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിൽ മൊഗ്രാൽ ദേശീയവേദി നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ല ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫിസർ മൊഗ്രാൽ ദേശീയവേദിയെ രേഖാമൂലം ഈ വിവരം അറിയിച്ചത്.
2023-24 വർഷത്തിൽതന്നെ 15ാം ധനകാര്യ കമീഷന് നവീകരണ പദ്ധതിക്കായി നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
രണ്ടുപതിറ്റാണ്ടായി കുമ്പള സി.എച്ച്.സിയുടെ നവീകരണ പദ്ധതിക്കായി നാട്ടുകാരും സന്നദ്ധ സംഘടനകളും മുറവിളികൂട്ടാൻ തുടങ്ങിയിട്ട്. ഇതിനായി കോടികളുടെ ഫണ്ട് അനുവദിച്ചതായി ചില ഇടങ്ങളിൽനിന്ന് പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ പദ്ധതി പ്രാവർത്തികമാകുന്നില്ല.
പദ്ധതി നടപ്പിലാക്കാത്തത് കുമ്പളയിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. അനുമതി നൽകിയ ഡയാലിസിസ് കേന്ദ്രംപോലും കുമ്പള സി.എച്ച്.സിയിൽ തുടങ്ങിയതുമില്ല.
കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. കടുത്ത അവഗണനയാണ് ഈ സർക്കാർ ആശുപത്രിയോട് അധികൃതർ കാണിക്കുന്നത്.
നേരത്തെ മൊഗ്രാൽ ദേശീയവേദി ആരോഗ്യമന്ത്രി വീണ ജോർജിനും നിവേദനം നൽകിയതാണ്. എന്നാൽ, നടപടികളൊന്നുമുണ്ടായില്ല. ഇതേത്തുടർന്നാണ് ദേശീയവേദി വീണ്ടും സർക്കാറിന്റെ താലൂക്ക്തല അദാലത്തിൽ പരാതി നൽകിയത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് കുമ്പള സി.എച്ച്.സി പ്രവർത്തിക്കുന്നത്.
ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാകെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യമില്ലാത്തത് ദിവസേന ഇവിടെ എത്തുന്ന രോഗികൾക്ക് ഏറെ ദുരിതമാകുന്നുമുണ്ട്. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മത്സ്യത്തൊഴിലാളികളും കർഷകരും വിദ്യാർഥികളുമൊക്കെ ആശ്രയിക്കുന്നത് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.