അനാഥമായി സർക്കാർ സ്കൂൾ കെട്ടിടങ്ങൾ
text_fieldsമംഗൽപാടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്കൂൾ കെട്ടിടം
കുമ്പള: മംഗൽപാടി പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ 10 കെട്ടിടങ്ങൾ അനാഥമായിക്കിടക്കുന്നു. ഇവയിൽ എട്ടു കെട്ടിടങ്ങൾ പഴയ ഗവ. ഹൈസ്കൂൾ മംഗൽപാടിയിലും രണ്ട് ചിന്നമുഗർ, ഷിറിയ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളുമാണ്. മംഗൽപാടിയിൽ ഇപ്പോൾ ജി.ബി.എൽ.പി സ്കൂൾ മാത്രം പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. മംഗൽപാടി ഗവ. ഹയർ സെക്കൻഡറിയുടെ ഭാഗമായ ഹൈസ്കൂളും യു.പി സ്കൂളും ഹയർ സെക്കൻഡറി സ്ഥിതിചെയ്യുന്ന ജനപ്രിയ ജങ്ഷനിലേക്ക് മാറ്റിയതിനാലാണ് എട്ടു കെട്ടിടങ്ങൾ ഒഴിഞ്ഞത്. ഏകാധ്യാപക വിദ്യാലയങ്ങൾ സർക്കാർ നിർത്തലാക്കുകയും അവിടത്തെ അധ്യാപകരെ മറ്റിടങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്തതിനാലാണ് മറ്റു രണ്ടു കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നത്.
സ്കൂൾ മാറിയതുമൂലം കുക്കാർ, ചെറുഗോളി, പെരിങ്കടി, ബെരിക്ക, കടപ്പുറം, മള്ളങ്കെ, ബന്ദിയോട്, അടുക്ക, ബൈദല പ്രദേശങ്ങളിലെ യു.പി വിദ്യാർഥികൾ വളരെ പ്രയാസമനുഭവിച്ചുവരുകയാണ്. അവർ കിലോമീറ്ററുകൾ താണ്ടി ഷിറിയ ഹയർ സെക്കൻഡറി സ്കൂളിലോ പാറക്കട്ട എ.ജെ.ഐ യു.പി സ്കൂളിലോ പോകേണ്ട അവസ്ഥയാണിപ്പോൾ. ഇല്ലെങ്കിൽ പഠനം പാതിവഴിയിൽ മുടങ്ങുന്ന അവസ്ഥയാണ്. ജി.ബി.എൽ.പി സ്കൂൾ മംഗൽപാടിയെ യു.പി സ്കൂൾ ആയി ഉയർത്തുകയും ഹയർ സെക്കൻഡറിയിലേക്ക് മാറ്റിയ യു.പി ക്ലാസുകൾ തിരിച്ചുകൊണ്ടുവരുകയും ചെയ്താൽ ഈ പ്രദേശങ്ങളിലെ യു.പി വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്ന് നാട്ടുകാർ പറയുന്നു. പുതിയ പ്രധാനാധ്യാപകനെ നിയമിക്കേണ്ടതുമില്ല.
കണ്ണൂർ, കോഴിക്കോട്, ചാവക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ സ്കൂൾവളപ്പിൽ ശിക്ഷക് സദനുകൾ പ്രവർത്തിക്കുന്നുണ്ട്. കാസർകോട് ജില്ലയിൽ ശിക്ഷക് സദനുകളില്ല. മംഗൽപാടിയിൽ വിദ്യാഭ്യാസവകുപ്പിന്റെ ഒഴിഞ്ഞ കെട്ടിടങ്ങൾ ഉള്ളതിനാൽ സർക്കാറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ചെലവില്ലാതെ ശിക്ഷക്ക് സദൻ സാധ്യമാകുന്നതാണ്.
ഫെബ്രുവരി 10ന് സർവകക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും വിദ്യാഭ്യാസപ്രവർത്തകരെയും ക്ഷണിച്ച് പ്രശ്നങ്ങൾ ഗൗരവമായി ചർച്ചചെയ്യുന്നതിന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസനസമിതിയും മംഗൽപാടി ജനകീയവേദിയും ഒരുക്കങ്ങൾ നടത്തിവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.