കുമ്പളയിൽ ടോൾ ബൂത്ത് നിർമാണം തകൃതിയിൽ
text_fieldsകുമ്പളയിൽ ധ്രുതഗതിയിൽ പുരോഗമിക്കുന്ന ടോൾ ബൂത്ത് നിർമാണം
കുമ്പള: കുമ്പളയിൽ ടോൾ ബൂത്ത് നിർമാണം തകൃതിയിൽ നടക്കുന്നു. ഒരുഭാഗത്ത് നാട്ടുകാരുടെ കനത്ത പ്രതിഷേധം വകവെക്കാതെയാണ് അധികൃതർ ദേശീയപാത 66 കുമ്പള ആരിക്കാടിയിൽ താൽക്കാലിക ടോൾ ബൂത്ത് എന്നപേരിൽ ഒരു സ്ഥിരം ബൂത്ത് നിർമാണം ആരംഭിച്ചിട്ടുള്ളത്.
ഈ ടോൾ ബൂത്ത് നിർമാണത്തിനെതിരെ നാട്ടുകാർ സംഘടിച്ച് സമരത്തിനിറങ്ങുകയും കോടതിയെ സമീപിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോടതി നാട്ടുകാരുടെ പരാതികൾ തള്ളുകയായിരുന്നു. അതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ വീണ്ടും മേൽക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തിരുന്നു.
അപ്പീൽ പരിഗണിച്ച കോടതി, തൽക്കാലം ഓണാവധിക്കുശേഷം ഒമ്പതാം തീയതി കേസ് പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ഈ അവസരം മുതലെടുത്ത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി ദേശീയപാത അധികാരികൾ വീണ്ടും ടോൾ ബൂത്ത് നിർമാണത്തിന്റെ പ്രവൃത്തികൾ തുടരുകയായിരുന്നു.
ദേശീയപാതയിൽ ആഴത്തിൽ കുഴികളെടുത്ത് സിമൻറും കമ്പിയും പാകി പില്ലറുകൾ പൊക്കുന്ന പണി പുരോഗമിക്കുകയാണ്. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇത് ചോദ്യംചെയ്തപ്പോൾ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഇത് നിർമിക്കാനാണ് വക്കീലിന്റെ നിർദേശമെന്നും കോടതിയും കേസും കാര്യങ്ങളും ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്.
ദേശീയപാത ചട്ടങ്ങൾ ലംഘിച്ച്, 60 കിലോമീറ്റർ അകലെ നിർമിക്കേണ്ട ടോൾ ബൂത്ത് കേവലം 23 കിലോമീറ്റർ ഉള്ളില് നിർമാണം നടത്തുന്ന കമ്പനി കോടതി കാര്യങ്ങൾപോലും മറികടക്കുന്നരീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾക്കും നിയമനടപടികൾക്കും വേണ്ടിയുള്ള ആലോചനയിലാണ് ആക്ഷൻ കമ്മിറ്റി.എന്തുവിലകൊടുത്തും ഏത് വിധേനയും ടോൾ ബൂത്ത് നിർമാണം തടയുമെന്നാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്.
അതിനിടെ, താൽക്കാലിക ടോൾ ബൂത്ത് എന്നപേരിൽ ഒരു സ്ഥിരം ടോൾ ബൂത്താണ് ഇവിടെ നിർമിക്കുന്നത് എന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. അത്തരത്തിലാണ് അതിന്റെ അടിത്തറ നിർമിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടികൾ ചർച്ച ചെയ്യുന്നതിന് എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കുമ്പളയിൽ ആക്ഷൻ കമ്മിറ്റി യോഗംചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.