വീടും സ്ഥലവും പതിച്ചുനൽകുന്നില്ലെന്ന് പട്ടികവർഗ കുടുംബം
text_fieldsകുമ്പള: 50 വർഷമായി താമസിക്കുന്ന ഭൂമിയിൽ അധികൃതർ ഉടമസ്ഥാവകാശം അനുവദിച്ചു തരുന്നില്ലെന്ന് പട്ടികവർഗ കുടുംബം. ബേള വില്ലേജിലെ പരേതനായ കൊറഗ നായിക്കിന്റെ ഭാര്യ അക്കു ഹെങ്ഗസുവാണ് (77) പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. കുമ്പളയിലെ സാമൂഹികപ്രവർത്തകൻ കേശവ നായിക്കിന്റെ സഹായത്തോടെ രാഷ്ട്രപതി, പട്ടികവർഗ ദേശീയ കമീഷൻ ചെയർമാൻ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
തങ്ങളുടെ അധീനതയിലുള്ള 2.54 ഏക്കർ ഭൂമിക്ക് രേഖകൾ അനുവദിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതിൽ 1.72 ഏക്കർ ഭൂമി നേരത്തെ മറ്റൊരാൾക്ക് അനുവദിച്ചിരുന്നുവെങ്കിലും അത് പിന്നീട് റദ്ദാക്കിയതായും പറയുന്നു. അർഹതപ്പെട്ട ഭൂമി അനുവദിച്ചു കിട്ടാനായി റവന്യൂ ഓഫിസുകൾ കയറിയിറങ്ങുകയാണ് ഇവരുടെ മകനായ ശ്രീധര നായ്ക്ക്.
1.20 ഏക്കർ അനുവദിക്കാമെന്നും ബാക്കിയുള്ള ഭൂമിക്കുവേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ, ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും റവന്യൂ സംഘം ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. നിലവിൽ ഇവർ താമസിക്കുന്ന ഓടുമേഞ്ഞ വീടും പശുത്തൊഴുത്തുമുൾക്കൊള്ളുന്നതാണ് അവകാശവാദമുന്നയിക്കുന്ന സ്ഥലം. ചില റവന്യൂ ഉദ്യോഗസ്ഥരുടെ സാമ്പത്തികതാൽപര്യങ്ങളാണ് ഭൂമി അനുവദിക്കാതിരിക്കുന്നതിന് പിന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
എം.എൽ.എയും എം.പിയും പ്രശ്നത്തിലിടപെടണമെന്നും ബാക്കിയുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കേശവനായ്ക്ക്, അക്കു ഹെങ്ഗസു, ശ്രീധരനായ്ക്ക്, വിജയലക്ഷമി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.