ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷെരിഫ്, പ്രതി അഭിഷേക് ഷെട്ടി
മഞ്ചേശ്വരം: കുഞ്ചത്തൂർ അടുക്കപ്പള്ള മാഞ്ഞിംഗുണ്ടെയിൽ ആൾമറയില്ലാത്ത കിണറ്റിൽ ഓട്ടോഡ്രൈവർ മുഹമ്മദ് ഷെരീഫിനെ (52) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മംഗളൂരു സൂറത്കല്ല് കല്ലാപ്പുവിലെ അഭിഷേക് ഷെട്ടിയെ (25) ആണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ. അനൂപ്കുമാറും സംഘവും അറസ്റ്റുചെയ്തത്. അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്കൂൾ ബസിൽ നാലുമാസം മുമ്പ് ഓട്ടോ ഇടിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷെരിഫുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് ഷെട്ടിയെ സ്കൂൾ മാനേജ്മെന്റ് ഡ്രൈവർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് എ.എസ്.പി. പി. ബാലകൃഷ്ണൻ നായർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുഹമ്മദ് ഷരീഫിനെ കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് കുഞ്ചത്തൂർ മാഞ്ഞിംഗുണ്ടെയിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. കിണറിനു സമീപത്ത് കർണാടക രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷ ചെരിഞ്ഞുകിടക്കുന്നുമുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിനരികിൽ ചോര പറ്റിയ തുണികളും ചെരുപ്പും പേഴ്സും കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പേഴ്സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയുന്ന ഫോട്ടോയും രേഖകളും കണ്ടെടുത്തത്.
ഈ സമയത്താണ് മുഹമ്മദ് ഷരീഫിനെ കാണാതായി എന്ന പരാതിയുള്ളത് വ്യക്തമായത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മുഹമ്മദ് ഷരീഫിന്റെയാണ് ഓട്ടോറിക്ഷയെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച പുറത്തെടുത്ത മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് വ്യക്തമായി. മുഹമ്മദ് ഷെരീഫിനെ തന്ത്രപൂർവം കുഞ്ചത്തൂരിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തലപ്പാടി ടോൾപ്ലാസയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യമാണ് കൊലയാളിയെ തിരിച്ചറിയാൻ സഹായിച്ചതെന്നും എ.എസ്.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.