രോഗികളുടെ തലക്കു മുകളിൽ അപകടനിലയിലുള്ള ജലസംഭരണി; ജല അതോറിറ്റിയുടെ 30,000 ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയാണിത്
text_fieldsനീലേശ്വരം താലൂക്കാശുപത്രി വളപ്പിലെ അപകടാവസ്ഥയിലുള്ള ജലസംഭരണി
നീലേശ്വരം: നീലേശ്വരം താലൂക്കാശുപത്രി വളപ്പിൽ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തോടുചേർന്ന് അപകടഭീഷണിയിൽ ജലസംഭരണിയുടെ നിൽപ്. കേരള ജല അതോറിറ്റിയുടെ 30,000 ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയാണിത്. എന്നാൽ, ഈ വെള്ളം താലൂക്കാശുപത്രിയുടെ ആവശ്യത്തിന് ഉപയോഗിക്കുന്നില്ല.
ആശുപത്രിയുടെ സമീപത്തെ 170ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാനാണ് ആശുപത്രിവളപ്പിൽ ജലസംഭരണി സ്ഥാപിച്ചത്. ഇത് കാലപ്പഴക്കംമൂലം ഇതിന്റെ കമ്പി ദ്രവിച്ച് പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്.
നൂറ്റാണ്ടുകളായിട്ടും പൊളിച്ചുമാറ്റി പുതിയ സംഭരണി നിർമിക്കാൻ പകരം സ്ഥലം ലഭിക്കാത്തതാണ് ജലവകുപ്പിന് തടസ്സമായി നിൽക്കുന്നത്. ഒരുവർഷം മുമ്പ് നീലേശ്വരം താലൂക്കാശുപത്രി സന്ദർശനത്തിനിടയിൽ മന്ത്രി വീണാജോർജ് ജലസംഭരണിയുടെ അപകടാവസ്ഥ നേരിൽ കണ്ടതാണ്.
പകരം സംവിധാനം ഏർപ്പെടുത്താൻ അന്ന് മന്ത്രി നിർദേശവും നൽകിയിരുന്നു. എന്നിട്ടും ഒന്നും നടപ്പിലായില്ല. സംഭരണിയിൽ വെള്ളം നിറക്കുമ്പോൾ ആശുപത്രിയിലെ രോഗികളും ജീവനക്കാരും ഒന്നും സംഭവിക്കല്ലേയെന്ന പ്രാർഥനയിലാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ സംഭരണി നിർമിക്കുമെന്നാണ് ഒടുവിൽ അധികൃതരുടെ വിശദീകരണം.
ആരോഗ്യവകുപ്പും ജലവകുപ്പും നീലേശ്വരം നഗരസഭ അധികൃതരും ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

