നീലേശ്വരത്തെ ചരിത്ര പൈതൃക മ്യൂസിയം എങ്ങുമെത്തിയില്ല
text_fieldsചരിത്ര പൈതൃക മ്യൂസിയത്തിനായി കണ്ടെത്തിയ നീലേശ്വരം രാജകൊട്ടാരം
നീലേശ്വരം: രാജസ്മരണകളും നാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ട ചരിത്രവും ഉറങ്ങുന്ന നീലേശ്വരം രാജകൊട്ടാരത്തെ ചരിത്ര പൈതൃക മ്യൂസിയമാക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്ത് പ്രഖ്യാപിച്ച പൈതൃക മ്യൂസിയത്തിന് പുരാവസ്തു വകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് തടസ്സമായത്.
സംസ്ഥാന പുരാവസ്തു വകുപ്പ് ഫണ്ട് അനുവദിച്ചാൽ ഉടൻ മ്യൂസിയം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ചരിത്രാധ്യാപകനും മുൻ നഗരസഭ ചെയർപേഴ്സനുമായ പ്രഫ. കെ.പി. ജയരാജൻ പറഞ്ഞു. നീലേശ്വരത്തിന്റെ സംസ്കാരം, ചരിത്രം, സ്വാതന്ത്ര്യസമര പ്രസ്ഥാനം, പോരാട്ടം തുടങ്ങിയവ അനാവരണം ചെയ്യുന്ന സാംസ്കാരിക ഓപൺ തിയറ്റർ ഉൾക്കൊള്ളുന്ന മ്യൂസിയമാണ് വിഭാവനം ചെയ്തത്.
2015-20 വർഷം നഗരസഭ ചെയർമാനായിരുന്ന പ്രഫ. കെ.പി. ജയരാജനാണ് മ്യൂസിയം എന്ന ആശയം മുന്നോട്ടുവെച്ചത്. പിന്നീട് നീലേശ്വരം രാജവംശത്തിന്റെ പ്രതിനിധി ഉദയവർമ രാജയുമായി പ്രഫ. ജയരാജൻ ചർച്ച നടത്തിയതിനെത്തുടർന്ന് കൊട്ടാരം വിട്ടുനൽകാൻ തീരുമാനമായി. ഇതേത്തുടർന്ന് 2017ൽ ആർക്കിയോളജി ഡയറക്ടർ ആർ. റെജികുമാർ കൊട്ടാരം സന്ദർശിക്കുകയും കെട്ടിടം നിലവിലെ വിപണിവില കൊടുത്ത് വാങ്ങുന്നതിന് രേഖകളടങ്ങിയ ഫയൽ സംസ്ഥാന സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. പിന്നീട് ആദ്യ പിണറായി സർക്കാറിലെ പുരാവസ്തു മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി കൊട്ടാരം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെ സംസ്ഥാനം വെള്ളപ്പൊക്ക കെടുതിയിലായി. പിന്നാലെ കോവിഡും എത്തി.
ഇതിനിടെ തുക വർധന ആവശ്യപ്പെട്ട് കൊട്ടാരം പ്രതിനിധി പുരാവസ്തു വകുപ്പിന് കത്തയച്ചത് മറ്റൊരു പ്രതിസന്ധിക്ക് കാരണമായി. രണ്ടാം പിണറായി സർക്കാറിൽ പുരാവസ്തു മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിൽ രാജകൊട്ടാരം സന്ദർശിച്ച് മ്യൂസിയത്തിന് അനുയോജ്യമാണെന്ന് രേഖപ്പെടുത്തി ഫണ്ട് തടസ്സം നീക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.