എസ്.ബി.ഐയുടെ പേരിൽ വ്യാജസന്ദേശം: വാട്സ്ആപ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു; 22,000 രൂപ നഷ്ടമായി
text_fieldsനീലേശ്വരം: വാട്സ്ആപിൽ എസ്.ബി.ഐയുടെ പേരിൽ വന്ന വ്യാജ സന്ദേശം തുറന്നതോടെ നിരവധി പ്രാദേശിക ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെടുകയും ഒരാൾക്ക് അക്കൗണ്ടിലെ 22,000 രൂപയും നഷ്ടമാവുകയും ചെയ്തു. പടിഞ്ഞാറ്റംകൊഴുവൽ, മൂലപ്പള്ളി മേഖലയിലെ വാട്സ്ആപ് ഗ്രൂപ്പുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിൽ അംഗമായ പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയുടെ ഫോണാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ഇദ്ദേഹം അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തര അറിയിപ്പ് എന്ന പേരിൽ എസ്.ബി.ഐ യോനോയുടെ പോസ്റ്ററും എസ്.ബി.ഐയുടെ ആധാർ അപ്ഡേറ്റ് ഡോട് എ.പി.കെ എന്ന ഫയലും പോസ്റ്റ് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യാത്തതിനാൽ എസ്.ബി.ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായും സന്ദേശത്തിനൊപ്പമുള്ള എ.പി.കെ ലിങ്ക് ക്ലിക് ചെയ്ത് ആധാർ അപ്ഡേറ്റ് ചെയ്യണമെന്നുമായിരുന്നു നിർദേശം.
ഇതിൽ ക്ലിക് ചെയ്തപ്പോഴാണ് പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനിയുടെ 22,000 രൂപ എസ്.ബി.ഐ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത്. എന്നാൽ, എവിടേക്കാണ് പണം പോയതെന്ന് സൂചനയൊന്നും മെസേജിലുണ്ടായിരുന്നില്ല. ഈ പോസ്റ്റ് വന്ന ഗ്രൂപ്പുകളുടെയെല്ലാം പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് മാറുകയും എസ്.ബി.ഐയുടെ ലോഗോ ഐക്കണായി വരുകയും ചെയ്തു. ഇതോടെ ഗ്രൂപ്പുകൾ ഒന്നും തമ്മിൽ തിരിച്ചറിയാൻ പറ്റാതെയുമായി.
ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ട ഗ്രൂപ്പുകളിലൊന്നിൽ അംഗമായ നേരത്തെ സൈബർസെല്ലിൽ ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പി.ആർ. ശ്രീനാഥ് വ്യാജ ലിങ്കിൽ ആരും ക്ലിക് ചെയ്യരുതെന്നും ഇത് പോസ്റ്റ് ചെയ്ത അംഗത്തെ ഉടൻ ഗ്രൂപ്പിൽനിന്ന് നീക്കണമെന്നും നിർദേശം നൽകി.
ഇതുപ്രകാരം മറ്റ് ഗ്രൂപ്പികളിലെയും അഡ്മിന്മാർ പ്രവർത്തിച്ചതോടെയാണ് താൽക്കാലികമായി അപകടമൊഴിഞ്ഞത്. പണം നഷ്ടമായ പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനി എസ്.ബി.ഐ നീലേശ്വരം ബ്രാഞ്ചിലും കാസർകോട് സൈബർ സെല്ലിലും പരാതി നൽകി. അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇവരുടെ പേരിലെ എസ്.ബി.ഐ കാസർകോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലുള്ള അക്കൗണ്ടിൽനിന്നാണ് പണം പോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.