ഓണം സ്പെഷൽ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പില്ല
text_fieldsനീലേശ്വരം: ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും വൻ വർധനയുണ്ടായിട്ടും നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്വാതന്ത്ര്യദിന ട്രെയിനിന് പുറമെ ഓണം സ്പെഷൽ ട്രെയിനിനും സ്റ്റോപ്പില്ല. വാഹനസൗകര്യമില്ലാത്ത തൊട്ടടുത്തുള്ള ചെറിയ സ്റ്റേഷനുകളിൽപോലും സ്പെഷൽ വണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുമ്പോൾ നീലേശ്വരം സ്റ്റേഷനിനോട് റെയിൽവേ അവഗണന തുടരുകയാണ്. ജനപ്രതിനിധികളും ഇക്കാര്യം ഗൗരവമായി കാണുന്നില്ല.
മലയോരത്തെ നാല് പഞ്ചായത്തും നീലേശ്വരം നഗരസഭയിലെ ജനവും നീലേശ്വരത്തുനിന്ന് മാത്രമാണ് യാത്ര ചെയ്യുന്നത്. മാധ്യമ ശ്രദ്ധമാത്രം മതിയെന്ന് ചിന്തിക്കുന്ന എൻ.ആർ.ഡി.സിയും വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന നീലേശ്വരം റെയിൽവേ ജനകീയ വികസന സമിതിയും ഇക്കാര്യത്തിൽ മൗനത്തിലാണ്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ എന്നീ ജനപ്രതിനിധികൾ ഓണത്തിന് നീലേശ്വരത്ത് ട്രെയിനിന് സ്റ്റോപ് അനുവദിക്കാൻ ഇടപെടുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. നഗരസഭ അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
വരുമാനത്തിൽ പിന്നിൽ നിൽക്കുന്ന ചെറുവത്തൂർ, മഞ്ചേശ്വരം സ്റ്റേഷനുകളിൽപോലും സ്പെഷൽ വണ്ടികൾക്ക് സ്റ്റോപ്പുണ്ട്. നീലേശ്വരം സ്റ്റേഷന്റെ വളർച്ചയിൽ വിറളിപൂണ്ട ചില ബാഹ്യശക്തികൾ റെയിൽവേ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് സ്റ്റേഷനെതിരെ പ്രവർത്തിക്കുന്നതായും യാത്രക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിലാണ് നീലേശ്വരം സ്റ്റേഷൻ. ചെന്നൈ-മംഗളൂരു ചെന്നൈ മെയിലിനും നീലേശ്വരത്ത് സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് സ്പെഷൽ ട്രെയിനുകൾക്കും ഇതേ ഗതി വന്നിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.