ടിക്കറ്റ് തർക്കം; യാത്രക്കാരനെ കണ്ടക്ടർ മർദിച്ചതായി പരാതി
text_fieldsപ്രതീകാത്മക ചിത്രം
നീലേശ്വരം: സ്റ്റോപ്പിലേക്ക് ടിക്കറ്റ് നൽകാത്തത് ചോദ്യം ചെയ്ത യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ കഴുത്തുപിടിച്ച് ഞെരിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. പടന്നക്കാട് നെഹ്റു കോളജ് ജീവനക്കാരനും പൊതുപ്രവർത്തകനുമായ കരിന്തളം കുമ്പളപ്പള്ളിയിലെ പി.വി. രാജ്മോഹനൻ (54) ആണ് ആക്രമണത്തിനിരയായതായി പരാതി നൽകിയത്.
വ്യാഴാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിന് രാജ്മോഹനൻ കെ.എൽ. 60 എക്സ് 8494 നമ്പറിലുള്ള മൂകാംബിക സ്വകാര്യ ബസിൽ കോയിത്തട്ടയിൽനിന്ന് കയറി പടന്നക്കാട് നെഹ്റു കോളജ് സ്റ്റോപ്പിലേക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ നെഹ്റു കോളജിനുമുന്നിൽ സ്റ്റോപ്പില്ലെന്നും വേണമെങ്കിൽ നീലേശ്വരത്തേക്ക് ടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് കണ്ടക്ടർ 23 രൂപയുടെ ടിക്കറ്റ് നൽകിയെന്നാണ് പരാതി. സ്ഥിരമായി ഈ റൂട്ടിൽ യാത്ര ചെയ്യുന്ന ആളെന്ന നിലയിൽ നെഹ്റു കോളജിന് സമീപം സ്റ്റോപ്പ് ഉണ്ടെന്ന് രാജ്മോഹനൻ കണ്ടക്ടറോട് പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ തയാറായില്ലെന്നാണ് ആരോപണം.
തുടർന്ന് ബസ് നീലേശ്വരത്ത് എത്തിയപ്പോൾ, നീലേശ്വരം കഴിഞ്ഞുള്ള അടുത്ത സ്റ്റേജ് ഏതാണെന്ന് രാജ്മോഹനൻ ചോദിച്ചു. അത് നെഹ്റു കോളജാണെന്ന് കണ്ടക്ടർ തന്നെ സമ്മതിച്ചതായും പരാതിയിൽ പറയുന്നു. ഇതിനുശേഷം നെഹ്റു കോളജിലേക്കുള്ള ടിക്കറ്റ് നൽകാതിരുന്നതിന്റെ കാരണം ചോദിച്ചതോടെ കണ്ടക്ടർ പ്രകോപിതനായി സംസാരിക്കുകയും കഴുത്തിൽ പിടിച്ച് അമർത്തി കൈയേറ്റം ചെയ്തെന്നാണ് രാജ്മോഹനന്റെ പരാതി.
ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ചായിരുന്നു സംഭവം നടന്നതെന്നും ഇതുമൂലം താൻ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റ രാജ്മോഹനൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണർ, കാസർകോട് ആർ.ടി.ഒ, കാഞ്ഞങ്ങാട് ജോയന്റ് ആർ.ടി.ഒ എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

