എണ്ണാമെങ്കിൽ എണ്ണിക്കോ.. ‘പാതാളക്കുഴി’കൾ എത്ര.. ആടിയും കുലുങ്ങിയും നടുവൊടിഞ്ഞ് വാഹന യാത്രികർ
text_fieldsനീലേശ്വരം പാലത്തിന് സമീപം കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലെ കുഴികൾ
നീലേശ്വരം: ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി മുതൽ പടന്നക്കാട് മേൽപാലം വരെയുള്ള യാത്ര അതികഠിനം. റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് ‘പാതാള’ക്കുഴികളായി . ചെറുതും വലുതുമായ നൂറുകണക്കിന് കുഴികളിൽ കൂടി സഞ്ചരിച്ചാൽ യാത്രക്കാരുടെ നടുവൊടിയും. പ്രത്യേകിച്ച്, ഇരുചക്ര-മുചക്ര വാഹനങ്ങളാണ് ദുരിതം കൂടുതലനുഭവിക്കുന്നത്. ആംബുലൻസുകൾക്ക് കുഴികൾ താണ്ടി യാത്ര ചെയ്യുമ്പോൾ തക്കസമയത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്നില്ല. ആടിയും കുലുങ്ങിയും യാത്രചെയ്യേണ്ട ഗതികേടിലാണ് ദേശീയപാതവഴി പോകുന്ന യാത്രക്കാർ. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് തകർന്നിട്ടും കരാർ കമ്പനിക്ക് കുലുക്കമില്ല.
നിർമാണ കമ്പനിയായ മേഘ ഏറ്റെടുത്ത റോഡുകളുടെ നിർമാണം പുരോഗമിക്കുമ്പോൾ ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്ന കരുവാച്ചേരി മുതൽ പടന്നക്കാട് വരെയുള്ള റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ടാണ്. ഇതുമൂലം വാഹനങ്ങളുടെ നീണ്ടനിര കാണാൻ പറ്റും. പടന്നക്കാട് മേൽപാലത്തിന് മുകളിലും നീലേശ്വരം പാലത്തിന് മുകളിലും മുഴുവൻ വലിയ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. നീലേശ്വരം പാലം കഴിഞ്ഞാൽ എണ്ണം എടുക്കാൻ പറ്റാത്തവിധത്തിൽ കുഴികളാണ്.
നീലേശ്വരം ഭാഗത്ത് ദേശീയപാത നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നത്. നിലവാരമില്ലാത്ത ടാറിങ്ങും ജനങ്ങളെ പറ്റിക്കുന്ന പ്രവൃത്തിയുമാണ് റോഡ് യാത്ര ദുസ്സഹമാക്കാൻ കാരണമെന്നാണ് യാത്രക്കാരുടെ ആക്ഷേപം. നീലേശ്വരത്ത് നിന്ന് പടന്നക്കാട് ഭാഗത്ത് അഞ്ചു മിനിറ്റിനുള്ളിൽ എത്തേണ്ട സമയത്ത് ഇപ്പോൾ അരമണിക്കൂർ സമയം വേണ്ടിവരുന്നു. അതുകൊണ്ട് യാത്രക്കാർ ഒരുമണിക്കൂർ മുമ്പേ പുറപ്പെട്ടാലേ ലക്ഷ്യസ്ഥാനത്ത് എത്താൻ സമയത്തിന് കഴിയുകയുള്ളൂ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.