റോഡ് നവീകരണം; സുരക്ഷ ഒരുക്കാതെ കെട്ടിടങ്ങൾ പൊളിക്കുന്നു
text_fieldsനീലേശ്വരം മേൽപാലത്തിന് താഴെ റോഡരികിലുള്ള കെട്ടിടം സുരക്ഷയൊരുക്കാതെ പൊളിക്കുന്നു
നീലേശ്വരം: ഒരു സുരക്ഷസംവിധാനങ്ങളുമൊരുക്കാതെ കൂറ്റൻ കെട്ടിടങ്ങൾ പൊളിക്കുന്നത് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നു. നീലേശ്വരം മേൽപാലത്തിന് താഴെ തുടങ്ങി താലൂക്കാശുപത്രിവരെയുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സുരക്ഷയൊരുക്കാതെ അപകടം വരത്തക്കരീതിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നത്.
മേൽപാലത്തിന്റെ കിഴക്കുഭാഗത്തെ റോഡിനോടുചേർന്ന ഇരുനില കെട്ടിടം യന്ത്രമുപയോഗിച്ച് കഴിഞ്ഞദിവസം പൊളിച്ചിട്ടു. 24 മണിക്കൂറോളം വാഹനങ്ങളുള്ള ഈ റോഡിൽ കെട്ടിടം വീണത് റോഡിന് സമീപത്താണ്. ജനങ്ങൾക്ക് കാണത്തക്കവിധത്തിൽ മുന്നറിയിപ്പ് ബോർഡോ കെട്ടിടം പൂർണമായി മറക്കാനോ വാഹനങ്ങളെ നിയന്ത്രിക്കാനോ ഒന്നും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
ഇനിയും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുണ്ട്. നിരവധി ബസുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ സമീപത്തുള്ള റോഡിലൂടെ കടന്നുപോകുന്നത്. പേരോൽ, നീലേശ്വരം ഗവ. എൽ.പി സ്കൂൾ, രാജാസ് ഹയർ സെക്കൻഡറി, സെൻ്റ് പീറ്റേഴ്സ്, നഗരസഭ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലെ നിരവധി സ്കൂൾബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്.
പൊളിച്ചിട്ട കെട്ടിടത്തിന്റെ തുരുമ്പിച്ച കമ്പിയടക്കമുള്ള അവശിഷ്ടങ്ങൾ നടപ്പാതയുടെ മുകളിലേക്കാണ് വീണത്. കാൽനടക്കാർ കടന്നുപോകുന്ന വഴിയിൽനിന്ന് ഇത് മാറ്റാൻപോലും കരാറുകാർ തയാറായിട്ടില്ല. മേൽപാലത്തിന്റെ താഴെ രണ്ട് സഹകരണ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ ജീവന് വിലകൽപിക്കാത്ത ഇത്തരം പൊളിച്ചുമാറ്റൽ പ്രവൃത്തിയിൽ നഗരസഭ അധികൃതർ ഇടപെടണമെന്ന ആവശ്യമുയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.