സ്കൂൾ ബസ് തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsജി.എൽ.പി സ്കൂളിന് കൈമാറിയ ബഡ്സ് സ്കൂൾ ബസ് പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി റോഡരികിൽ
നീലേശ്വരം: നഗരസഭ അധികൃതരുടെ പിടിപ്പുകേടുമൂലം ലക്ഷങ്ങൾ വിലയുള്ള ബഡ്സ് സ്കൂൾ ബസ് കാടുപിടിച്ച് തുരുമ്പെടുത്ത് നശിക്കുന്നു. ചിറപുറത്തെ പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി 10 വർഷംമുമ്പ് സർക്കാർ നൽകിയതാണ് ബസ്.
വർഷങ്ങളോളം ഉപയോഗിച്ചശേഷം പുതിയ ബസ് വന്നതോടെ പിന്നീട് നീലേശ്വരം ജി.എൽ.പി സ്കൂളിന് നഗരസഭ ബസ് കൈമാറുകയായിരുന്നു. ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുമ്പോൾ സ്കൂൾ പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ക്ഷേത്രത്തിനടുത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ വർഷങ്ങളോളം ഉപയോഗിക്കാതെ പാർക്ക് ചെയ്ത് വെയിലും മഴയുംകൊണ്ട് ബസ് നശിക്കുകയായിരുന്നു.
നഗരസഭ ജി.എൽ.പി സ്കൂളിന് ബസ് കൈമാറുമ്പോൾ വാഹനത്തിന്റെ വായ്പ കുടിശ്ശിക അടച്ചശേഷം ഉപയോഗിക്കണമെന്ന നിർദേശമുണ്ടായിരുന്നു.എന്നാൽ, ജി.എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റിക്ക് ഭാരിച്ച വായ്പ കുടിശ്ശിക സാമ്പത്തിക പ്രതിസന്ധിമൂലം താങ്ങാനായില്ല. ഇതോടെ ബസ് പ്രവർത്തനം മുടങ്ങുകയും നശിക്കുകയുമായിരുന്നു.
ബസിന്റെ രജിസ്ട്രേഷൻ 2011 ഒക്ടോബറിലും ഫിറ്റ്നസ് കാലാവധി 2017 മാർച്ചിലും ടാക്സ് കാലാവധി 2023 ജൂണിലും പെർമിറ്റ് കലാവധി 2016 നവംബറിലും അവസാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.