നീലേശ്വരം സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത ആവശ്യം ശക്തം
text_fieldsരണ്ടാമത്തെ പ്ലാറ്റ് ഫോമിൽനിന്ന് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് പാളം മുറിച്ചുകടക്കുന്നവർ
നീലേശ്വരം: റെയിൽവേ നിയമപ്രകാരം ശിക്ഷാർഹമാണെങ്കിലും വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് യാത്രക്കാർ പാളം മുറിച്ചുകടക്കുന്നു. നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരാണ് പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്തുകൂടി അപകടകരമായ രീതിയിൽ പാളം മുറിച്ചുകടക്കുന്നത്.
ടിക്കറ്റ് എടുത്ത് ട്രെയിൻ കയറാൻ പോകുമ്പോഴും ഇറങ്ങിവരുമ്പോഴും ട്രാക്കിന്റെ വടക്കുഭാഗത്തുള്ള മൂന്ന് പാളങ്ങൾ മുറിച്ചുകടന്നാണ് സഞ്ചരിക്കുന്നത്. രാവിലെയും വൈകീട്ടും സ്ത്രീകളടക്കമുള്ള യാത്രക്കാർ കൂട്ടത്തോടെ പാളം കടക്കുന്നത് നിത്യ കാഴ്ചയാണ്. ഈ വഴിയിലൂടെ നീലേശ്വരം നഗരത്തിലേക്ക് എളുപ്പം എത്താനാണ് ആളുകൾ കൂടുതലും ഇങ്ങനെ സഞ്ചരിക്കുന്നത്. കിഴക്കുഭാഗത്തെ പ്ലാറ്റ്ഫോമിൽനിന്ന് ട്രെയിൻ കയറുന്നവരും ഇറങ്ങിവരുന്നവരും ഇങ്ങനെ അപകടകരമായ രീതിയിലാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷന്റെ വടക്കുഭാഗത്ത് ഒരു അടിപ്പാത വേണമെന്ന ആവശ്യം ശക്തമാണ്. തെക്കുഭാഗത്ത് മേൽപാലമുണ്ടെങ്കിലും ആളുകൾ ആ ഭാഗത്തുകൂടി കടന്നുപോകുന്നത് കുറവാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇരട്ട ട്രാക്കിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധയൊന്ന് മാറിയാൽ വലിയ അപകടത്തിന് കാരണമാകുമെന്ന് യാത്രക്കാർതന്നെ പറയുന്നു. ചില യാത്രക്കാർ മൊബൈൽ ഫോണിൽ സംസാരിച്ചും ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിൻ എത്തുന്നതറിയാതെ അവർ ട്രാക്കിൽ പ്രവേശിക്കുന്നത് ഗുരുതര അപകടങ്ങൾക്കിടയാക്കുന്നു. വണ്ടിയുടെ ചൂളംവിളി കേൾക്കുമ്പോഴാണ് പലരും ട്രെയിൻ എത്തുന്നതറിയുന്നത്. മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായ ദുരന്തം നീലേശ്വരത്ത് ആവർത്തിക്കാതിരിക്കണമെങ്കിൽ അധികൃതർ വേഗത്തിൽ കണ്ണുതുറക്കണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.