ഗതാഗതക്കുരുക്കിലമർന്ന് തെരു റോഡ്
text_fieldsഗതാഗതക്കുരുക്കിലമർന്ന നീലേശ്വരം തെരു റോഡ്
നീലേശ്വരം: ഗതാഗതക്കുരുക്കിലമർന്ന് നീലേശ്വരം നഗരഹൃദയത്തിലെ തെരു റോഡ്. തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങൾക്ക് പുറമെ റോഡിലുള്ള പാർക്കിങ്ങും കൂടിയാകുമ്പോൾ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയാണ്. ഹൈവേയിൽനിന്ന് രാജാറോഡിലേക്കുള്ള ഗതാഗതക്കുരുക്കൊഴിവാക്കാൻ എല്ലാ വാഹനങ്ങളും ഇപ്പോൾ തെരു റോഡ് വഴിയാണ് പോകുന്നത്.
ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസുകളും സ്റ്റാൻഡ് വിട്ട് പോകുന്ന ബസുകളും തെരു റോഡ് വഴി പോകുമ്പോൾ സഞ്ചരിക്കാനാകാതെ കുടുങ്ങുകയാണ്. ഇത് പലപ്പോഴും ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കത്തിനു പോലും കാരണമാകുന്നു. ബസ് സ്റ്റാൻഡിൽനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ബസുകളും മറ്റ് എല്ലാ വാഹനങ്ങളും മെയിൻ ബസാർ വഴി സഞ്ചരിക്കാതെ തെരുവ് റോഡ് വഴി ഹൈവേ അടിപ്പാതവഴിയാണ് പോകുന്നത്.
രാജാ റോഡ് ഹൈവേ വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണമെങ്കിൽ അടിപ്പാതയിൽ കൂടി സഞ്ചരിക്കാൻ വലിയ പ്രയാസമാണ്. ഇതുകൊണ്ടാണ് എല്ലാ ബസുകളും യാത്ര തെരു റോഡ് വഴിയാക്കുന്നത്. എന്നാൽ, കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും പോകുന്നവർ തെരു റോഡിൽ പാർക്ക് ചെയ്യുന്നതാണ് ഗതാഗതസ്തംഭനത്തിന് കാരണമാകുന്നത്. ഇങ്ങനെ കാറും ഓട്ടോയും ബൈക്കും പാർക്ക് ചെയ്യുമ്പോൾ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്തസ്ഥിതിയാണ്.
വീതി കുറഞ്ഞ തെരു റോഡ് ഇപ്പോൾ വൺവേ ട്രാഫിക് പരിഷ്കാരം പോലെയായി. റോഡരികിൽ വാഹനങ്ങൾ പാർക്കിങ് ചെയ്യേണ്ട സ്ഥലം ആക്രിക്കച്ചവടക്കാർ കൈയടക്കി ഇരുമ്പുസാധനങ്ങൾ നിക്ഷേപിച്ച നിലയിലാണ്. ഇത്രയും സ്ഥലവും അപകടം വരുത്തുന്ന ഇരുമ്പുസാധനങ്ങൾ കുന്നുപോലെ കൈയേറി വെച്ചിട്ടും നഗരസഭ അധികൃതർക്ക് അനക്കമില്ല.
മുമ്പ് നീലേശ്വരം പൊലീസ് റോഡിൽ പാർക്ക് ചെയ്ത ഗതാഗതസ്തംഭനമുണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴചുമത്തിയിരുന്നു. നഗരത്തിൽ രണ്ട് സഹകരണ ആശുപത്രികളിൽനിന്ന് അത്യാസന്നനിലയിലുള്ള രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസും ഈ ഗതാഗതക്കുരുക്കിൽപെടാറുണ്ട്. എന്നാൽ, നീലേശ്വരം നഗരസഭ അധികൃതർക്ക് ഇതൊന്നും കാണാനുള്ള നേരമില്ലെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.