കബഡി സെമി ബഹിഷ്കരിച്ച മൂന്ന് ടീമുകൾക്കെതിരെ നിയമ നടപടിയുമായി റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
text_fieldsതൃക്കരിപ്പൂർ: കബഡി ടൂർണമെന്റ് സെമിഫൈനൽ മത്സരം ബഹിഷ്കരിച്ച് സാമ്പത്തിക ബാധ്യതയും അപമാനവും ഉണ്ടാക്കിയ ടീമുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘാടകരായ മാവിലാകടപ്പുറം റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കളിക്കിടെ പരിക്കേറ്റ താരത്തെ പുറത്തെത്തിക്കുന്നതിനാണ് സെമിഫൈനൽ മത്സരം വൈകിയത്. പരിക്കേറ്റ സഹതാരത്തെ സഹായിക്കുക എന്ന മാനുഷിക പരിഗണന അർഹിക്കുന്ന വിഷയത്തിലാണ് ടൂർണമെന്റുതന്നെ അലങ്കോലമാക്കപ്പെട്ടത്. സെമിഫൈനലിൽ മത്സരിക്കേണ്ടിയിരുന്ന പീപ്പിൾസ് എരിഞ്ഞിക്കീൽ, റെഡ് സ്റ്റാർ കുറുന്തൂർ എന്നീ ടീമുകളാണ് റിപ്പോർട്ട് ചെയ്തശേഷം മത്സരത്തിൽനിന്ന് പിൻവാങ്ങിയത്.
മത്സരം കാണാനെത്തിയ ആയിരക്കണക്കിന് കബഡി ആരാധകരെയും ടീമുകൾ നിരാശരാക്കി. മത്സരം വൈകിയാൽ തുടർന്ന് കളിക്കേണ്ടതില്ലെന്ന് കോഓഡിനേഷൻ കമ്മിറ്റിയുടെ നിർദേശമുണ്ടായിരുന്നതായാണ് പിന്മാറിയ ടീമുകളുടെ വാദം. കോഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം 10 മണിക്കാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. 9.58നുതന്നെ അവസാന ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞ് ആദ്യ സെമിക്കുള്ള ടീമുകൾ പത്തിനകം റിപ്പോർട്ട് ചെയ്യുകയും മത്സരം ആരംഭിക്കാൻ അമ്പയർ ടോസ് നൽകുകയും ചെയ്തു. ഇതിനുശേഷമാണ്, സമയം അതിക്രമിച്ചെന്ന വാദം ഉന്നയിച്ച് ടീമുകൾ ഇറങ്ങിപ്പോയതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. ക്ലബ് സെക്രട്ടറി എം.വി സുരേന്ദ്രൻ, പ്രസിഡന്റ് കെ.പി. രാജൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഒ.കെ. പ്രമോദ്, രക്ഷാധികാരി ടി.വി. രവി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.