പെൺസുഹൃത്തിന്റെ ബന്ധുക്കളെ ഭയന്ന് പാഞ്ഞ ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടു: രണ്ടുപേർക്ക് പരിക്ക്
text_fieldsമരട് തോമസ് പുരം ജങ്ഷനിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
മരട്: പെൺസുഹൃത്തിന്റെ ബന്ധുക്കളെ കണ്ട് ഭയന്ന് ചീറിപ്പാഞ്ഞു നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികനും കാൽനട യാത്രികയ്ക്കും പരുക്ക്. കുന്നലക്കാട്ട് റോഡിൽ വാടകയ്ക്കു താമസിക്കുന്ന സ്മിതാ രാജു(48), ബംഗാൾ സ്വദേശി അൽ അമീൻ(28) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ആൾ കൂടിയതോടെ ബൈക്ക് യാത്രികൻ തിരുവനന്തപുരം സ്വദേശി ജിഷ്ണു(30) ഓടി രക്ഷപ്പെട്ടു. സ്കൂട്ടർ തകർന്നു. മരട് തോമസ്പുരം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം.
മാർട്ടിൻപുരം ഭാഗത്തു നിന്നുള്ള വാഹനത്തിലുള്ളവരിൽ നിന്ന് രക്ഷപ്പെടാനാണ് അമിത വേഗത്തിൽ ഓടിച്ചതെന്നാണ് ബൈക്ക് യാത്രികൻ പറഞ്ഞത്. അപകടത്തിനു ശേഷം നിന്ന തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ പിടികൂടാതിരിക്കാൻ പൊലീസ് സ്റ്റേഷനിലേക്കാണ് ഓടിയതെന്നും യുവാവ് പറഞ്ഞു. ഒപ്പം താമസിക്കുന്ന പെൺസുഹൃത്തിന്റെ ബന്ധുക്കളാണ് വാഹനത്തിലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വ്യാജ നമ്പറായിരുന്നു കാറിന്റെത്. ഫോൺ ലൊക്കേഷനിൽ കാർ കോട്ടയം വഴി തിരുവനന്തപുരത്തിനു മടങ്ങുന്നതായാണു കണ്ടതെന്നും അന്വേഷണം നടത്തുന്നതായും മരട് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.