അംബേദ്കർ ഹാളിനോട് അവഗണന; അടച്ചിട്ടിട്ട് മൂന്നുവർഷം
text_fieldsമരട് നഗരസഭ 20-ാം ഡിവിഷനിലെ അംബേദ്കർ കമ്യൂണിറ്റി ഹാൾ, പണികഴിപ്പിച്ച അടുക്കളയുടെ മുൻവശത്ത് കുമിഞ്ഞുകൂടിയ മാലിന്യം
മരട്: മരട് നഗരസഭയുടെ 20-ാം ഡിവിഷനിൽ സാധാരണക്കാർ ആശ്രയിക്കുന്ന ഡോ. അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ ശോചനീയാവസ്ഥിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്താതെ അധികൃതർ. മൂന്ന് വർഷമായി ആഘോഷ പരിപാടികൾക്ക് നൽകാതെ അടിച്ചിട്ടിരിക്കുകയാണ്. പ്രദേശവാസികൾ പരിപാടികൾക്കായി ഏറെ ആശ്രയിച്ചിരുന്ന ഹാളാണ് ദുരവസ്ഥയിലായത്. വെള്ളം, വെളിച്ചം, തുടങ്ങി ഹാളിൽ ആവശ്യത്തിന് വേണ്ട സൗകര്യങ്ങളില്ല. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച അടുക്കളയിൽ വൈദ്യുതീകരണവും പൂർത്തീകരിച്ചിട്ടില്ല.
പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ശുചിമുറിയിലേക്കുള്ള വഴിയിലും മാലിന്യങ്ങൾ നിറഞ്ഞ് കാടും പിടിച്ച് കിടക്കുകയാണ്. കിണറും മലിനമാണ്. സിറ്റൗട്ടിലെ മേൽക്കൂരയും രണ്ട് വശങ്ങളിലെ ഭിത്തിയും തകർന്ന് അപകടാവസ്ഥയിലാണ്. വയോജനങ്ങൾക്ക് മരുന്ന് വിതരണം നടത്തുന്നതിനും മറ്റും മാത്രമാണ് ഹാൾ തുറന്ന് കൊടുക്കുന്നതെന്നും ഹാളിന്റെ നവീകരണത്തിന് ബജറ്റുകളിൽ പ്രത്യേകം തുക നീക്കിവെക്കാറുണ്ടെങ്കിലും തുടർ നടപടികളില്ലെന്നു ഡിവിഷൻ കൗൺസിലർ സി. ടി. സുരേഷ് പറഞ്ഞു.
സ്റ്റോർ റൂമിൽ മരുന്നുകൾ മറ്റും ശേഖരിച്ച് വെച്ചിരിക്കുന്നതിനാൽ വൻ ദുർഗന്ധവുമാണ്. സാധാരണക്കാർ ആശ്രയിക്കുന്ന ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഹാൾ പുനർനിർമ്മിച്ച് പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന നഗരസഭയുടെ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അംബേദ്കർ ഹാളിന് മുമ്പിൽ തിങ്കളാഴ്ച വൈകീട്ട് സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.
അംബേദ്കർ ഗ്രാമമായിരുന്ന പ്രദേശത്ത് 1990ലാണ് അംബേദ്കർ ഹാളിന് തറക്കല്ലിട്ടത്. വൈറ്റില ബ്ലോക്ക് പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ ധനമന്ത്രി വി. വിശ്വനാഥമേനോൻ തറക്കല്ലിടുകയും ഒമ്പത് വർഷങ്ങൾക്ക് ശേഷം 1999 ൽ പണി പൂർത്തീകരിച്ച് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനവും ചെയ്ത കമ്മ്യൂണിറ്റി ഹാളാണ് പിന്നീട് യാതൊരു വിധ അറ്റകുറ്റപണികളും നടത്താതെ അടിച്ചിട്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.